നാലു വർഷത്തിനിടെ തീവണ്ടികളിൽനിന്ന് മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്‌ഷീറ്റുകളും തലയിണകളും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ എസി കോച്ചുകളിൽനിന്ന് നാല് വർഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 1.27 കോടിയോളം ലിനൻ ബെഡ്‌ഷീറ്റുകളും തലയിണകളും. 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലത്താണ് ഈ മോഷണം നടന്നിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച്, ബെഡ്റോൾ സേവനം പുനരാരംഭിച്ചതിന് ശേഷമാണ് ഇത്രയും വലിയ നഷ്ടം റെയിൽവേയ്ക്കുണ്ടായത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് വിവരങ്ങൾ പുറത്തുവന്നത്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ ഇത്തരം മോഷണങ്ങളിൽ 56 ശതമാനം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. റെയിൽവേയുടെ 69 ഡിവിഷനുകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഏകദേശം 104.51 കോടി രൂപയുടെ നഷ്ടമാണ് ബെഡ്റോൾ വിതരണം ചെയ്യുന്ന കരാറുകാർക്ക് ഉണ്ടായത്.
ഏറ്റവും കൂടുതൽ മോഷണം പോയത് മുഖം തുടയ്ക്കുന്ന ചെറിയ തോർത്തുകളാണ്. ഇതിനുപുറമെ 41.13 ലക്ഷം ബെഡ്ഷീറ്റുകളും 23.59 ലക്ഷം തലയിണകവറുകളും 12.95 ലക്ഷം പുതപ്പുകളും മോഷണം പോയി. ബിക്കാനീർ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ മോഷണം നടന്നത്. ഇവിടെ 25.76 ലക്ഷം തുണിത്തരങ്ങളാണ് കാണാതായത്.
ഈ മോഷണങ്ങൾ മൂലമുള്ള സാമ്പത്തിക ബാധ്യത അവ വിതരണം ചെയ്യുന്ന ഏജൻസികൾക്കാണ് ഉണ്ടാകുന്നത്. സാധനങ്ങളുടെ കുറവ് നികത്താൻ അധിക ലിനൻ സെറ്റുകൾ നൽകേണ്ടിവരുന്നത് വലിയ വെല്ലുവിളിയാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
Content Highlights: 1.27 crore linen items stolen between Jan 2022 and May 2026., 56% increase in theft incidents observed from 2022 to 2025., Bikaner division reported the highest number of missing items., Total financial loss to contractors estimated at 104.51 crore rupees., Small hand towels, bedsheets, and pillow covers are the most stolen items.