സി.ജെ.പി. പ്രതിഷേധം: ഡൽഹിയിലേക്കുള്ള മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

#ന്യൂസ് ഡെസ്ക്
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ |ഫോട്ടോ:AFP
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ |ഫോട്ടോ:AFP

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ തീവണ്ടി സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. ഒക്ടോബർ 10 ശനിയാഴ്ച പുലർച്ചെ നാല് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തേണ്ട മെയിൽ, എക്സ്പ്രസ് തീവണ്ടികളാണ് റദ്ദാക്കിയത്. ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾക്ക് ചുറ്റും കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തീരുമാനമെന്നാണ് റെയിൽവേ ബോർഡ് വൃത്തങ്ങളുടെ വിശദീകരണം.

ന്യൂസ് 18 പുറത്തുവിട്ട ഉത്തരവ് പ്രകാരം, ഒക്ടോബർ 10-ന് ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഒക്ടോബർ ഒമ്പത് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പുറപ്പെടുന്നതും ഒക്ടോബർ 10 പുലർച്ചെ നാല് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ എത്തുന്നതുമായ എല്ലാ മെയിൽ/എക്സ്പ്രസ് തീവണ്ടികളും റദ്ദാക്കാൻ തീരുമാനിച്ചത്. ഡൽഹിയിൽ ഒക്ടോബർ 10-ന് പ്രതിപക്ഷ പാർട്ടികൾ നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ യാത്രികരുടെ സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

പ്രതിപക്ഷ പാർട്ടികൾ നടത്താനിരിക്കുന്ന പ്രതിഷേധം കാരണം ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഒക്ടോബർ 10-ന് രാവിലെ നാല് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ കടുത്ത ഗതാഗതക്കുരുക്കുണ്ടാകുമെന്ന് ഇന്റലിജൻസ് വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇത്തരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തിരക്കും റോഡ് ഉപരോധവും കാരണം കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാതെ അയ്യായിരത്തോളം യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിൽ കുടുങ്ങിപ്പോയിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഈ പ്രതിഷേധം മൂലം സാധാരണക്കാർ ഏറെ ദുരിതം അനുഭവിച്ചുവെന്നും ഇത്തരം പ്രയാസങ്ങൾ യാത്രക്കാർക്ക് വീണ്ടും ഉണ്ടാകാതിരിക്കാനാണ് റെയിൽവേ മുൻകൂട്ടി മുൻകരുതൽ നടപടി സ്വീകരിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഒക്ടോബർ 10-ന് ജന്തർ മന്തറിൽ സി.ജെ.പി. നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹി പോലീസ് സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പോലീസിനെ സഹായിക്കുന്നതിനായി 23,000-ത്തോളം ഉദ്യോഗസ്ഥരടങ്ങുന്ന കേന്ദ്ര സായുധ പോലീസ് സേനയുടെ (സി.എ.പി.എഫ്.) 221 കമ്പനികളെ കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Indian Railways has cancelled several mail and express trains heading to Delhi on October 10 due to expected severe traffic congestion and protests.