പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ലെന്ന് കേന്ദ്രം; സെൻസസ് വഴി പൗരത്വ രജിസ്റ്ററിലേക്കോ?

#പി. മുരളീധരൻ
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ഇന്ത്യൻ പാസ്‌പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിനു തെളിവല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത് ഒട്ടേറെ ചോദ്യങ്ങൾക്കും അസ്വസ്ഥതകൾക്കും വഴിവെക്കുകയാണ്. പാസ്‌പോർട്ട് സേവാദിനത്തിൽ വന്ന പ്രസ്താവന പുതിയൊരു പ്രഖ്യാപനം നടത്തുകയായിരുന്നില്ല, മറിച്ച് പതിറ്റാണ്ടുകളായി നിയമവിദഗ്ധർക്ക് അറിയാവുന്ന ഒരു കാര്യം ആവർത്തിക്കുകയായിരുന്നു. 1967-ലെ പാസ്‌പോർട്ട് നിയമം യാത്രാരേഖകൾ നൽകുന്നത് നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യൻ പൗരൻ ആരെന്ന് നിർണ്ണയിക്കുന്നത് 1955-ലെ പൗരത്വ നിയമം ആണ്. അവ രണ്ടും ഒന്നല്ല.

പക്ഷേ, വോട്ടർപട്ടികയുടെ തീവ്ര പുതുക്കലിന്റെ (എസ്‌ഐആർ) കാലത്തു വന്ന ഈ വിശദീകരണം പൊതുസമൂഹത്തിൽ വൻ ചർച്ചയായിരിക്കുന്നു. പൗരത്വം തെളിയിക്കാൻ പാസ്‌പോർട്ടും മതിയാവില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടത്? പൗരത്വരേഖയല്ല, തിരിച്ചറിയൽരേഖ മാത്രമാണ് ആധാറെന്ന് നേരത്തേ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. വോട്ടർ ഐഡി കാർഡിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുകയാണ്, പൗരത്വത്തിനു തെളിവല്ല. പിന്നെ ഒരാളെ ഇന്ത്യൻ പൗരനെന്ന് സാക്ഷ്യപ്പെടുത്തുന്നത് എന്താണ്?

കേൾക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കുമെങ്കിലും അത്തരം ഒരൊറ്റ രേഖയും നിലവിലില്ല എന്നതാണ് ഉത്തരം. ഇന്ത്യയിൽ ഒരാൾ പൗരനാണെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കുന്ന പൊതുവായതോ സാർവത്രികമായി അംഗീകരിക്കപ്പെട്ടതോ ആയ ഒരു രേഖയുമില്ല. അത്തരമൊന്ന് സൃഷ്ടിക്കാനുള്ള ശ്രമം വിജയിപ്പിച്ചെടുക്കുക എളുപ്പവുമല്ല. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ദേശീയപൗരത്വ രജിസ്റ്റർ (എൻആർസി) കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ബിജെപി നീക്കം മണ്ഡലങ്ങളുടെ പുനർനിർണയവും വനിതാസംവരണവും സംബന്ധിച്ച ബില്ലുകൾ പാസാക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതല്ല, എൻആർസി പാസാക്കിയെടുക്കാനും കൂടിയാണെന്ന് അഭ്യൂഹമുയരുന്നു.

രേഖകളും പൗരത്വവും

ഇന്ത്യയിൽ പലവിധത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചുവരുന്നു. നൂറു കോടിയിലധികം ഇന്ത്യക്കാരുടെ കൈവശമുള്ള ആധാർ കാർഡ് ബയോമെട്രിക് തിരിച്ചറിയൽ രേഖയാണ്. അത് ഒരാൾ ആരാണെന്ന് വ്യക്തമാക്കുന്നു, പക്ഷേ ആ വ്യക്തി പൗരനാണോ എന്ന് പറയുന്നില്ല. 2026ന്റെ തുടക്കത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വാദത്തിനിടയിൽ സുപ്രീം കോടതി ഇത് ആവർത്തിച്ചു: ആധാർ സ്ഥാപിക്കുന്നത് വ്യക്തിത്വവും താമസസ്ഥലവും മാത്രമാണ്, പൗരത്വമല്ല. വോട്ടർ ഐഡി വോട്ട് ചെയ്യാനുള്ള യോഗ്യതയാണ് സ്ഥാപിക്കുന്നത്. വോട്ടർപട്ടികയിൽ പേരുള്ളവരെല്ലാം പൗരരായിരിക്കണം എന്നില്ല, വോട്ടർപട്ടികയിൽ പേരില്ലാത്തവരും പൗരന്മാരാകാം. എസ്‌ഐആർ ശരിവെച്ചുകൊണ്ടുള്ള 2026 മേയ് മാസത്തെ സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിർണ്ണയിക്കാൻ കഴിയില്ലെന്നും വോട്ടർപട്ടികയിലേക്കുള്ള യോഗ്യത മാത്രമേ നിർണ്ണയിക്കാൻ കഴിയൂ എന്നും ഓർമ്മിപ്പിച്ചു.

പൗരന്മാർക്ക് മാത്രം നൽകുന്ന പാസ്‌പോർട്ട് ഇന്ത്യൻ പൗരത്വത്തിന്റെ ഏറ്റവും മികച്ച തെളിവായാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. ആ ധാരണയെ തകിടം മറിക്കുന്നതാണ് വിദേശമന്ത്രാലയത്തിന്റെ വിശദീകരണം. 2025ൽ മാത്രം വിതരണം ചെയ്തത് 1.39 കോടി പാസ്‌പോർട്ടുകളാണ്, പ്രവൃത്തിദിനങ്ങളിൽ ഏകദേശം രണ്ട് സെക്കൻഡിൽ ഒന്ന് വീതം എന്നർത്ഥം. അതുതന്നെയാണ് ഈ രേഖയുടെ പ്രശ്‌നമെന്നും അഭിപ്രായമുണ്ട്. ഇവ ഓരോന്നിനെയും പരിശോധിച്ച് പൗരത്വത്തിന്റെ തെളിവായി ഉറപ്പിക്കുന്നത് എളുപ്പമല്ല.

പൗരത്വ നിയമപ്രകാരം 1950 ജനുവരി 26 നും 1987 ജൂലൈ ഒന്നിനും ഇടയിൽ ഇന്ത്യയിൽ ജനിച്ചവർ ജനനം കൊണ്ട് പൗരരാണ്. 1987 ജൂലൈ ഒന്നിനുശേഷം ജനിച്ചവരുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം. 2004 ഡിസംബർ മൂന്നിന് ശേഷം ജനിച്ചവരുടെ മാതാപിതാക്കൾ ആരുംതന്നെ അനധികൃത കുടിയേറ്റക്കാരാകാൻ പാടില്ല. ജനന സർട്ടിഫിക്കറ്റുകളാണ് ജനന പശ്ചാത്തലത്തിലുള്ള തെളിവ് എന്ന ആശയത്തോട് ഏറ്റവും അടുത്തുനിൽക്കുന്നത്. എന്നാൽ അവ കൃത്യമായി സൂക്ഷിക്കപ്പെടുന്നില്ല, പഴയ തലമുറക്കാർക്ക് പലപ്പോഴും ലഭ്യവുമല്ല.

കഴിഞ്ഞ വർഷം ബോംബെ ഹൈക്കോടതിയിൽ വന്ന പൗരത്വക്കേസ് ശ്രദ്ധേയമാണ്. 2025 ഓഗസ്റ്റ് 12ന് ജസ്റ്റിസ് അമിത് ബോർക്കർ പരിഗണിച്ച കേസിൽ ബാബു അബ്ദുൾ റൂഫ് സർദാറിന് ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, പാസ്‌പോർട്ട്, ബാങ്ക് അക്കൗണ്ടുകൾ, യൂട്ടിലിറ്റി ബില്ലുകൾ, ഉദ്യോഗ് ആധാർ, ഗുമസ്ത ലൈസൻസ് എന്നിങ്ങനെ വേണ്ടതിലധികം രേഖകൾ ഉണ്ടായിരുന്നിട്ടും ജാമ്യം നിഷേധിക്കപ്പെട്ടു. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തി രേഖകളെല്ലാം വ്യാജമായി നേടിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. അയാളുടെ ഫോണിൽ ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റുകളും അതിർത്തി കടന്നുള്ള ആശയവിനിമയത്തിന്റെ തെളിവുകളും കണ്ടെത്തിയതോടെ 1946ലെ ഫോറിനേഴ്‌സ് ആക്ടിലെ സെക്ഷൻ 9 പ്രകാരം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനിലേക്ക് മാറ്റി. അതായത്, താൻ ഇന്ത്യൻ പൗരനാണെന്ന് അയാൾ സ്വയം തെളിയിക്കണം.

സെൻസസ് വഴി എൻആർസിയിലേക്ക്

രാജ്യവ്യാപകമായി എൻആർസി നടത്തുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ഇപ്പോൾതന്നെ നിലവിലുണ്ട്: 2003-ലെ പൗരത്വ (പൗരന്മാരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും) ചട്ടങ്ങൾ ഒരു ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കാൻ നിർദ്ദേശിക്കുന്നു, ഇത് എൻആർസിയിലേക്കുള്ള ആദ്യചുവടാണ്. അതിന് പുതിയ നിയമനിർമ്മാണം ആവശ്യമില്ല. വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണപരമായ സന്നദ്ധതയുമാണ്. അവ രണ്ടും ഇപ്പോൾ ഒത്തുവരുന്നതായി കാണാം.

2026 മേയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കറുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി രൂപീകരിച്ചു. 2025ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമിതി 2026 മേയ് 26-ന് സ്ഥാപിതമായി. അനധികൃത കുടിയേറ്റവും മറ്റ് കാരണങ്ങളും മൂലമുണ്ടാകുന്ന 'അസ്വാഭാവിക ജനസംഖ്യാമാറ്റങ്ങളെ' കുറിച്ച് പഠിക്കാനും നയപരവും നിയമപരവും ഭരണപരവുമായ നടപടികൾ ശുപാർശ ചെയ്യാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വർഷത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. 'ജനസംഖ്യാസ്ഥിരത കൈവരിക്കുന്നതിനുള്ള' നടപടികൾ അത് ശുപാർശ ചെയ്യും. പൗരന്മാരെ തിരിച്ചറിയുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള ഒരു സ്ഥാപനപരമായ ചട്ടക്കൂടുണ്ടാക്കുക ഇതിന്റെ നിർദ്ദിഷ്ട ലക്ഷ്യങ്ങളിൽ പെടും.

കോവിഡ് കാരണം തടസ്സപ്പെടുകയും മാറ്റിവെക്കുകയും ചെയ്ത ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) പ്രാരംഭമായിക്കഴിഞ്ഞു. വീടുകളുടെ വിവരശേഖരണ ഘട്ടത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2003-ലെ പൗരത്വ ചട്ടങ്ങൾ അനുസരിച്ച് എൻആർസിയുടെ അടിത്തറ എൻപിആർ ആണ്. പരിശോധിച്ചുറപ്പിച്ച എൻപിആർ ഡേറ്റയുടെ അടിസ്ഥാനത്തിലായിരിക്കും എൻആർസി. പരിശോധനയ്ക്കിടെ 'സംശയാസ്പദമായ പൗരത്വമുള്ള' വ്യക്തികളെ അടയാളപ്പെടുത്തണമെന്ന് റൂൾ 4(4) നിർദ്ദേശിക്കുന്നു. ചുരുക്കത്തിൽ, പൗരത്വ രജിസ്റ്ററിനുള്ള പ്രക്രിയക്ക് സെൻസസിലൂടെ തുടക്കം കുറിച്ചിരിക്കുന്നു

സുവേന്ദു അധികാരിയുടെ ധൃതി

ബംഗാളിൽ മമത ബാനർജിയെ നിലംപരിശാക്കി അധികാരമേറ്റ സുവേന്ദു അധികാരിയുടെ സർക്കാർ അനധികൃതകുടിയേറ്റം പോലുള്ള വിഷയങ്ങളിൽ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ, ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നത് പൂർത്തിയാക്കാൻ അതിർത്തി രക്ഷാസേനയ്ക്ക് 600 ഏക്കർ ഭൂമി കൈമാറാൻ അനുമതി നൽകി. വർഷങ്ങളായി ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ കാരണം സംസ്ഥാനത്തുടനീളം വേലി കെട്ടുന്ന ജോലികൾ തടസ്സപ്പെട്ടിരുന്നു. പുതിയ സർക്കാരിന്റെ തീരുമാനം അതിർത്തിയെയും പൗരത്വപ്രശ്‌നത്തെയും സംസ്ഥാനം സമീപിക്കുന്നതിലെ വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.

ജൂൺ 29-ന് നിയമസഭയിൽ ഏകീകൃത സിവിൽകോഡ് (യുസിസി) അവതരിപ്പിക്കാനും നിശ്ചയിച്ചിരിക്കുകയാണ് അധികാരി. ബംഗാളിന്റെ നിയമപരവും സാമൂഹികവുമായ അന്തരീക്ഷം പുനഃക്രമീകരിക്കാൻ ബിജെപി എത്രത്തോളം വേഗതയിലാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ സൂചനയാണ് ഈ നീക്കം. വേഗത്തിലുള്ള അതിർത്തിവേലി നിർമ്മാണം, യുസിസി അവതരണം എന്നിവ ഒരുമിച്ച് വായിക്കുമ്പോൾ പശ്ചിമ ബംഗാളിനെ പൗരത്വനിർണ്ണയ പദ്ധതിയുടെ മുൻനിര സംസ്ഥാനമാക്കാനാണ് ശ്രമമെന്നു കാണാം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികൾ ധാക്കയ്ക്ക് രസിക്കുന്നില്ല. ബംഗ്ലാദേശ് പൗരന്മാരായി തിരിച്ചറിയപ്പെടുന്നവരെ തിരിച്ചയക്കും മുൻപ് ഔദ്യോഗികമായ പരിശോധന നടത്തണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാൽ സ്വന്തം അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശത്തിനുള്ളിൽ നിന്നാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഇന്ത്യ വാദിക്കുന്നു.

രേഖ പരിശോധനയും അസം എൻആർസിയും

പൗരത്വം നിർണയിക്കുന്നത് എത്ര സങ്കീർണമായ വെല്ലുവിളിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് അസമിലെ എൻആർസി അനുഭവം. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച അന്തിമപട്ടികയിൽ നിന്ന് 19 ലക്ഷത്തോളം ആളുകൾ പുറത്തായിരുന്നു. എന്നാൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഈ പട്ടിക ഇതുവരെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടില്ല. അതിനാൽ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് 'റിജക്ഷൻ സ്ലിപ്പുകൾ' നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതുണ്ടെങ്കിൽ മാത്രമേ പൗരത്വം തെളിയിക്കാൻ അവർക്ക് ഫോറിനേഴ്‌സ് ട്രിബ്യൂണലുകളിൽ അപ്പീൽ നൽകാനാകൂ. അതുവരെ അവർക്ക് നിയമപരമായി പൗരത്വം നിഷേധിക്കാനോ നാടുകടത്താനോ കഴിയില്ല.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ മതം തിരിച്ചുള്ള കണക്കുകൾ ആദ്യമായി പരസ്യപ്പെടുത്തിയത് 2024 മാർച്ചിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെയാണ്. ആ കണക്കനുസരിച്ച്, മതവിശ്വാസം സംബന്ധിച്ച് വിവരം ലഭ്യമായ 16 ലക്ഷം പേരുടെ ഡേറ്റയിൽ ഏഴ് ലക്ഷം മുസ്‌ലിങ്ങളും അഞ്ചുലക്ഷം ബംഗാളി ഹിന്ദുക്കളും രണ്ടുലക്ഷം അസമീസ് ഹിന്ദുക്കളും ഒന്നര ലക്ഷം ഗൂർഖകളും ഒഴിവാക്കപ്പെട്ടു. ബാക്കി മൂന്നരലക്ഷം പേരുടെ മതം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. അതായത്, അസം എൻആർസി രേഖകളില്ലാത്ത എല്ലാ മതക്കാരെയും ഒന്നുപോലെ ബാധിച്ചു. അനധികൃത കുടിയേറ്റക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നും യഥാർത്ഥപൗരന്മാർ പുറത്തായിട്ടുണ്ടെന്നും ആരോപിച്ച് അസം സർക്കാരും പ്രാദേശികസംഘടനകളും പട്ടിക അംഗീകരിക്കാൻ തയ്യാറായില്ല. പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതായത്, കോടിക്കണക്കിന് രൂപ ചിലവഴിച്ച് തയ്യാറാക്കിയ അസം എൻആർസി നിലവിൽ മരവിപ്പിച്ച ഡേറ്റാബേസ് മാത്രമാണ്.

രാജ്യവ്യാപകമായ എൻആർസിയെ വിമർശിക്കുന്നവർ രേഖകളുടെ ലഭ്യതയിലുള്ള അസമത്വം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, ഗോത്രവർഗ്ഗക്കാർ, കുടിയേറ്റ തൊഴിലാളികൾ, സ്വന്തം പേരിൽ ഔദ്യോഗിക രേഖകളിൽ ഒരിക്കലും ഇടംപിടിക്കാത്ത സ്ത്രീകൾ, പ്രളയത്തിലും ചുഴലിക്കാറ്റിലും വീടു നഷ്ടപ്പെട്ടവർ- ഇവരെല്ലാം ദേശീയ പൗരത്വ രജിസ്‌ട്രേഷനിൽ അപകടത്തിലാകും. കൂടാതെ പൗരത്വ പരിശോധനകൾ ഒരു പ്രത്യേകവിഭാഗത്തെ ലക്ഷ്യം വെയ്ക്കാനുള്ള ആയുധമായി മാറാൻ സാധ്യതയുണ്ടെന്ന ആശങ്ക പ്രതിപക്ഷവും മനുഷ്യാവകാശ പ്രവർത്തകരും ഉയർത്തുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം (സിഎഎ) മുസ്‌ലിങ്ങളെ ഒഴിവാക്കിയ സാഹചര്യത്തിൽ, എൻആർസിയും സിഎഎയും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അപകടകരമായ അന്തരം സൃഷ്ടിക്കപ്പെടുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു:

ദീർഘകാലമായി ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം മൂലം ഉണ്ടാകുന്ന ദേശീയ സുരക്ഷാഭീഷണി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനസംഖ്യാമാറ്റങ്ങൾ, സാമൂഹിക, സാംസ്‌കാരിക അസ്ഥിരത എന്നിവ തടയാൻ എൻആർസി അനിവാര്യമാണെന്ന് ബിജെപിയും സഖ്യകക്ഷികളും വാദിക്കുന്നു. എൻആർസി രേഖകളിലൂടെ പൗരന്മാരെയും അല്ലാത്തവരെയും വേർതിരിച്ചറിയുമ്പോൾ, സിഎഎ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ മതപീഡനം നേരിട്ട ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വേഗത്തിലാക്കുന്നു. ഇത് മതനിരപേക്ഷതയ്ക്ക് വിരുദ്ധമല്ല, മറിച്ച് മതപീഡിതരോടുള്ള നീതിയാണെന്നാണ് അവരുടെ വാദം.

ഇന്ത്യയ്ക്ക് പൗരത്വത്തെ കൃത്യമായി തിരിച്ചറിയുന്ന ഒരു വ്യവസ്ഥ വേണമെന്നതിൽ തർക്കമില്ല. യഥാർത്ഥ പ്രശ്‌നം അത് നീതിപൂർവകമായും സുതാര്യമായും കൃത്യമായ നിയമനടപടികളോട് കൂടിയും നടപ്പാക്കാൻ കഴിയുമോ എന്നതാണ്. കാരണം ഒരിക്കൽ ഈ സംവിധാനം പ്രവർത്തനമാരംഭിച്ചാൽ, പൗരത്വപട്ടികയിൽ നിന്ന് പുറത്താകുന്നവർ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ ഒരിക്കലും സൈദ്ധാന്തികമായിരിക്കില്ല.

Content Highlights: Does an Indian passport prove citizenship? Discover why 2026 legal developments point toward a national NRC rollout. C