അറബിക്കടലിൽ ചൈനയ്ക്കുമേൽ കണ്ണുവേണം; ലക്ഷദ്വീപിൽ മൂന്നാമത്തെ നാവികസേന താവളമായി INS ബിത്ര വരുന്നു

#ന്യൂസ് ഡെസ്ക്
Bitra island| Photo Credit: https://ceolakshadweep.gov.in
Bitra island| Photo Credit: https://ceolakshadweep.gov.in

ന്യൂഡൽഹി: കവരത്തിയിലെ ഐ.എൻ.എസ്. ദ്വീപ് രക്ഷക്, മിനിക്കോയിലെ ഐ.എൻ.എസ്. ജടായു എന്നിവയ്ക്കുശേഷം ലക്ഷദ്വീപിൽ ഇന്ത്യൻ നാവികസേന തങ്ങളുടെ മൂന്നാമത്തെ താവളം സ്ഥാപിക്കാനൊരുങ്ങുന്നു. ബിത്ര ദ്വീപിൽ ഐ.എൻ.എസ്. ബിത്ര എന്ന പേരിലാണ് പുതിയ കേന്ദ്രം വരുന്നത്. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ജനവാസ ദ്വീപായ ബിത്ര, പ്രതിരോധ ആവശ്യങ്ങൾക്കും തന്ത്രപ്രധാന ഉപയോഗങ്ങൾക്കുമായി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ലക്ഷദ്വീപ് ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു.

ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള സോഷ്യൽ ഇംപാക്ട് അസസ്‌മെന്റിന്റെ (എസ്.ഐ.എ.) പ്രാരംഭ നടപടികൾക്കായി റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവും കണക്കിലെടുത്ത്, ബിത്ര ദ്വീപ് പൂർണമായി പ്രതിരോധ-തന്ത്രപ്രധാന ഏജൻസികൾക്ക് കൈമാറുകയാണ് ലക്ഷ്യമിടുന്നത്. വെറും 0.105 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബിത്രയിൽ 2011-ലെ സെൻസസ് പ്രകാരം 105 കുടുംബങ്ങളിലായി 271 താമസക്കാരാണുള്ളത്.

ഉത്തര ലക്ഷദ്വീപിൽ സ്ഥിതിചെയ്യുന്ന ബിത്ര, കവരത്തിക്കും അഗത്തിക്കുമിടയിലുള്ള നിരീക്ഷണ വിടവ് നികത്താൻ സഹായിക്കും. എട്ട് ഡിഗ്രി, ഒൻപത് ഡിഗ്രി ചാനലുകൾവഴി പോകുന്ന പ്രധാന വിദേശ കപ്പൽച്ചാലുകളെ നിരീക്ഷിക്കാൻ തെക്കൻ മേഖലയിലെ മിനിക്കോയി സഹായിക്കുമ്പോൾ, ബിത്രയിലെ പുതിയ കേന്ദ്രം നാവികസേനയ്ക്ക് ഒരു വടക്കൻ താവളമായി മാറും. കടൽക്കൊള്ള, മയക്കുമരുന്നുകടത്ത് എന്നിവ തടയാനും അറബിക്കടലിൽ വർധിച്ചുവരുന്ന ചൈനീസ് നീക്കങ്ങളെ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും ഇതുവഴി സാധിക്കും.

വടക്കൻ ലക്ഷദ്വീപിലെ നിരീക്ഷണശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തന വ്യാപ്തി കൂട്ടുന്നതിനും ഈ താവളം അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, അഗത്തി വിമാനത്താവള വികസനത്തിലും മിനിക്കോയിയിലെ പുതിയ എയർഫീൽഡിലും കണ്ടതുപോലെ, പ്രതിരോധ ആവശ്യങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യ വികസനം, ജോലിസാധ്യതകൾ, മെഡിക്കൽ വികസനം, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവ പ്രദേശവാസികൾക്കും ലഭ്യമാകും. 

Content Highlights: Indian Navy to establish its third base, INS Bitra, on Bitra Island in Lakshadweep., Land acquisition process initiated through a Social Impact Assessment notification issued in July 2025.