പാകിസ്താനുവേണ്ടി ചാരവൃത്തി; യുവ എൻജിനിയർ പിടിയിൽ

മുംബൈ: ചാരവൃത്തി നടത്തിയതിന് താനെയിൽനിന്നുള്ള ജൂനിയർ എൻജിനിയറെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റുചെയ്തു. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് രവീന്ദ്ര മുരളീധർ വർമ(27)യാണ് പിടിയിലായത്.
ഒരു പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എൻജിനിയറായിരുന്നു വർമ. ഇതിനാൽത്തന്നെ നേവൽ ഡോക്ക്‌യാർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു.
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ പ്രതിരോധവിവരങ്ങൾ നൽകിയെന്നാണ് വർമയ്ക്കെതിരേയുള്ള ആരോപണം. ഹണിട്രാപ്പിൽ കുടുക്കിയായിരുന്നു പാകിസ്താൻ ഏജൻസികൾ ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നതെന്ന് എടിഎസ് പറയുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം വിവിധ സംസ്ഥാനങ്ങളിൽനിന്നായി ചാരപ്രവർത്തനം നടത്തിയ പലരും പിടിയിലാകുന്നതിനിടയ്ക്കാണ് ഇയാളും വലയിലായത്.
ഫെയ്സ്ബുക്കിൽ സ്ത്രീയായി നടിച്ച ഒരു പാക് ഏജന്റ് വർമയെ ഹണിട്രാപ്പിൽ കുടുക്കി പല രഹസ്യവിവരങ്ങളും കൈമാറാൻ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
2024 നവംബർമുതൽ 2025 മാർച്ചുവരെ വർമ വാട്സാപ്പ് വഴി പാകിസ്താൻ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതായിട്ടാണ് എടിഎസിന്റെ വെളിപ്പെടുത്തൽ. വർമയുടെയും ഇയാളുമായി ബന്ധംപുലർത്തിയിരുന്ന മറ്റുരണ്ടു വ്യക്തികളുടെയുംപേരിൽ ഔദ്യോഗിക രഹസ്യനിയമത്തിലെ സെക്‌ഷൻ മൂന്ന് പ്രകാരം ചാരവൃത്തിക്ക് കേസെടുത്തു.
Content Highlights: A junior engineer was arrested for allegedly leaking defense secrets to Pakistan