പാർട്ടിയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ YSR കോൺഗ്രസ് വിട്ട് റായുഡു; ജഗന് ആശങ്ക സൃഷ്ടിച്ച് കൊഴിഞ്ഞുപോക്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയ്ക്കൊപ്പം | Photo X
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയ്ക്കൊപ്പം | Photo X

വിജയവാഡ: വൈ.എസ്.ആര്‍ കോണ്‍ഗ്രസിൽ ചേർന്ന് ഒമ്പതാം ദിവസം പാർട്ടി വിട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു. രാഷട്രീയത്തിൽ നിന്ന് തത്ക്കാലം വിട്ടുനിൽക്കുകയാണെന്ന് മാത്രമാണ് വിഷയത്തിൽ അദ്ദേഹം നൽകുന്ന വിശദീകരണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച് റായുഡു പാർട്ടി അം​ഗത്വം സ്വീകരിച്ചത്. 

രായദുർ​ഗം എം.എൽ.എ കപു രാമചന്ദ്ര റെഡ്ഡി വെള്ളിയാഴ്ച രാവിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് റായുഡുവിന്റെ തീരുമാനവും പുറത്തുവരുന്നത്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ടിക്കറ്റ് നിഷേധിച്ച് വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു രാമചന്ദ്ര റെഡ്ഡി പാർട്ടി വിട്ടത്.

ജ​ഗനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കഴുത്തറപ്പൻ സമീപനമാണ് ജ​ഗന്റേതെന്നും ആരോപിച്ച റെഡ്ഡി, അടുത്ത തിരഞ്ഞെടുപ്പിൽ രായദുർ​ഗം മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും വ്യക്തമാക്കി. കർണാടക അതിർത്തി പ്രദേശത്തെ പ്രബലരായ ബോയ സമുദായത്തിൽപ്പെട്ടയാളാണ് അദ്ദേഹം. 

മം​ഗള​ഗിരി മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമായ അല്ല രാമകൃഷ്ണ റെഡ്ഡിയും അനുയായികളും ഡിസംബറിൽ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം തലസ്ഥാനമായ അമരാവതിയിൽ വലിയ തിരിച്ചടിയായിരുന്നു നീക്കം.

ഇക്കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഒന്നിനുപിറകെ ഒന്നായി സിറ്റിങ് എം.എൽ.എമാരും പ്രമുഖ നേതാക്കളും പാർട്ടി വിടുന്നത് വലിയ തലവേദനയായിരിക്കുകയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഇത്തരം നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.

വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപക അധ്യക്ഷയായിരുന്നു ശര്‍മിള. ഇക്കൊല്ലം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Content Highlights: Indian cricketer Ambati Rayadu resigned from YSRCP