യുദ്ധമേഖലകളിൽ നിന്ന് എണ്ണക്കടത്ത്; അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തെ തകർത്ത് കോസ്റ്റ് ഗാർഡ്

#ന്യൂസ് ഡെസ്ക്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയ കപ്പൽ | Photo: 'X' @IndiaCoastGuard
ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയ കപ്പൽ | Photo: 'X' @IndiaCoastGuard

മുംബൈ: മുംബൈ തീരത്തിന് സമീപം വൻതോതിൽ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ സങ്കീർണ്ണമായ തിരച്ചിലിനൊടുവിലാണ് സംഘം പിടിയിലായതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

മുംബൈയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ചാണ് മൂന്ന് വിദേശ കപ്പലുകളെ കോസ്റ്റ് ഗാർഡ് കപ്പലുകൾ വളഞ്ഞത്. ഇലക്ട്രോണിക് ഡാറ്റകളുടെ സൂക്ഷ്മ പരിശോധനയിലൂടെയും കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെയുമാണ് സംഘത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചത്.

യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണയും അനുബന്ധ ഉൽപ്പന്നങ്ങളും ശേഖരിച്ചാണ് ഈ സംഘം വൻ ലാഭം കൊയ്തിരുന്നത്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് വലിയ മോട്ടോർ ടാങ്കറുകളിലേക്ക് എണ്ണ മാറ്റുന്നതിലൂടെ ഇവ പിടിക്കപ്പെടാതെ നോക്കാൻ സംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള തീരദേശ രാജ്യങ്ങൾക്ക് നൽകേണ്ട വലിയ തുകയുടെ കസ്റ്റംസ് നികുതി വെട്ടിക്കാനാണ് ഇത്തരം ഇടപാടുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏജന്റുമാരുടെ ഒരു വലിയ ശൃംഖല തന്നെ ഈ വിൽപ്പനയ്ക്കും കൈമാറ്റത്തിനും പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കോസ്റ്റ് ഗാർഡ് ഈ നീക്കം തിരിച്ചറിഞ്ഞത്. ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ഒരു മോട്ടോർ ടാങ്കറിന്റെ അസ്വാഭാവികമായ നീക്കം കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണ സംവിധാനങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ഡിജിറ്റൽ അന്വേഷണത്തിലും ഡാറ്റാ പാറ്റേൺ പരിശോധനയിലുമാണ് മറ്റ് രണ്ട് കപ്പലുകൾ കൂടി ഈ നിയമവിരുദ്ധ ഇടപാടിൽ പങ്കാളികളാണെന്ന് കണ്ടെത്തിയത്. ഈ കപ്പലുകൾ സംശയാസ്പദമായ ടാങ്കറിനോട് അടുക്കുന്നതായി കണ്ടതോടെ പിടികൂടുകയായിരുന്നു. പിടിയിലായ കപ്പലുകളെ മുംബൈയിലെത്തിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായും നിയമനടപടികൾക്കായും കസ്റ്റംസിനും മറ്റ് ഏജൻസികൾക്കും കൈമാറുമെന്നാണ് വിവരം.

Content Highlights: ICG intercepts vessels in sea-air network, busting an international oil smuggling racket with mid-sea transfers.