നടപടി കടുപ്പിച്ച് ഇന്ത്യ; പാക്‌ കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കി

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി:  പാകിസ്താന്‍ കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ത്യന്‍ കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. 

മര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 1958-ലെ സെക്ഷന്‍ 411 പ്രകാരമാണ് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാക് പതാകയുള്ള കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ പാകിസ്താനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുമാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനിടെ, പാകിസ്താനുമായുള്ള തപാൽ ഇടപാടുകളും ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. വ്യോമ, ഉപരിതല മാർഗങ്ങളിലൂടെയുള്ള പാകിസ്താനിൽനിന്നുള്ള കത്തുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം നിർത്തിവെക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്. 

പാകിസ്താനില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള ഇറക്കുമതി നിരോധിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയവും ശനിയാഴ്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്താനില്‍നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവും പുറത്തുവന്നിരിക്കുന്നത്. 
 

Content Highlights: India has banned Pakistani ships from entering its ports, following the Pahalgam attack