പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ; കർത്തവ്യ പഥിൽ കരുത്തറിയിച്ച് ‘ഓപ്പറേഷൻ സിന്ദൂർ’ ആദരം

ന്യൂഡൽഹി: ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യ പഥിൽ ആകാശവിസ്മയം തീർത്ത ഇന്ത്യൻ വ്യോമസേനയുടെ ഗംഭീര പ്രകടനത്തിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. പാകിസ്താന്റെ വ്യാജപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പരേഡിൽ പങ്കെടുത്ത റഫേൽ വിമാനങ്ങളുടെ സാന്നിധ്യം. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വെടിവെച്ചിട്ടു എന്ന് പാകിസ്താൻ അവകാശപ്പെട്ട BS-022 എന്ന ടെയിൽ നമ്പറുള്ള റഫേൽ വിമാനം പരേഡിൽ സജീവമായി പങ്കെടുത്തു.
നാല് ദിവസം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടലിനെക്കുറിച്ച് പാകിസ്താൻ നടത്തിയ അവകാശവാദങ്ങൾ തെറ്റാണെന്നും സൈനിക നീക്കത്തിനിടയിൽ ഇന്ത്യയുടെ ഒരു റഫേൽ വിമാനത്തിന് പോലും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി.
റിപ്പബ്ലിക് ദിന പരേഡിൽ ആറ് റഫേൽ വിമാനങ്ങൾ അണിനിരന്ന 'വജ്രാംഗ്' വിന്യാസം വ്യോമസേനയുടെ തന്ത്രപ്രധാനമായ കരുത്ത് പ്രകടമാക്കി. 'വിജയ്' വിന്യാസത്തിന്റെ ഭാഗമായി ഒരു റഫേൽ വിമാനം മണിക്കൂറിൽ 900 കിലോമീറ്റർ വേഗതയിൽ വെറും 300 മീറ്റർ ഉയരത്തിലൂടെ പറന്ന് നടത്തിയ 'വെർട്ടിക്കൽ ചാർലി മനോവർ’ ഏറെ ആകർഷകമായിരുന്നു. താഴ്ന്നുപറന്ന ശേഷം കുത്തനെ മുകളിലേക്ക് കുതിച്ചുയർന്ന് വായുവിൽ കറങ്ങിക്കൊണ്ട് നടത്തിയ ഈ പ്രകടനം പൈലറ്റിന്റെ പ്രഗത്ഭ്യവും വിമാനത്തിന്റെ കരുത്തും വിളിച്ചോതുന്നതായിരുന്നു.
26 സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ആക്രമണത്തിന് പകരമായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരതാവളങ്ങളിലാണ് ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറിലധികം ഭീകരരെ വധിച്ച ഈ ഓപ്പറേഷനിൽ പാകിസ്താന്റെ പ്രധാന വ്യോമതാവളങ്ങളായ സർഗോദ, നൂർ ഖാൻ, ജാക്കോബാബാദ് തുടങ്ങിയവയ്ക്കും ഇന്ത്യ കനത്ത നാശനഷ്ടങ്ങൾ വരുത്തി. ഈ ചരിത്രപ്രധാനമായ വിജയത്തിന്റെ സ്മരണ പുതുക്കുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ വ്യോമസേനാ പ്രദർശനം.
Content Highlights: Witness the Indian Air Force`s stunning Republic Day fly-past, featuring Rafale jets. India showcases aerial prowess, dispelling Pakistan`s false claims.