250 വിമാനങ്ങള്‍ വാങ്ങാൻ എയർഇന്ത്യ; സമീപഭാവിയിൽ ഇന്ത്യ മൂന്നാമത്തെ വലിയ വ്യോമയാനവിപണിയാകുമെന്ന് മോദി

ന്യൂഡല്‍ഹി: അധികം വൈകാതെ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ കരാര്‍ പ്രഖ്യാപനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
'ഇന്‍ഡോ- പെസഫിക് മേഖലയിലെ സ്ഥിരതയിലും സുരക്ഷാവിഷയങ്ങളിലും ആഗോള ഭക്ഷ്യസുരക്ഷയിലും ആരോഗ്യമേഖലയിലും ഇന്ത്യയും ഫ്രാന്‍സും ഗുണപരമായ സംഭാവനയാണ് നല്‍കുന്നത്. ഉഡാന്‍ പദ്ധതി പ്രകാരം രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളെ വിമാന മാര്‍ഗം ബന്ധിപ്പിക്കുകയാണ്. ഇത് ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക വികാസം ത്വരിതപ്പെടുത്തുന്നു', പ്രധാനമന്ത്രി പറഞ്ഞു.
പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി വിമാനനിര്‍മാതാക്കളായ എയര്‍ ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ കരാറൊപ്പിട്ടതായി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരുകമ്പനികളുമായുള്ള കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകുന്നതിന്റെ സൂചനയാണെന്ന് മോദി അവകാശപ്പെട്ടു. വ്യോമയാന രംഗത്തെ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന അഭിലാഷങ്ങളും വിജയങ്ങളും കരാര്‍ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും വലിയ കരാറില്‍ എയര്‍ ബസില്‍ നിന്ന് 40 എ-350 വിമാനങ്ങളും 210 എ-320 വിമാനങ്ങളും വാങ്ങാനായിരുന്നു എയര്‍ ഇന്ത്യ കരാറിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനും പുറമേ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ- വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, രത്തന്‍ ടാറ്റ, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, എയര്‍ ബസ് സി.ഇ.ഒ. എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Content Highlights: India Will Soon Become the Third Largest Aviation Market, Says PM Modi