വാങ്ങുന്നെങ്കില്‍ 60 എണ്ണം വേണം; അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ നിലപാടറിയിച്ച് വ്യോമസേന

എഫ്-35, എസ്.യു-57 എന്നിവയുടെ ചിത്രം. എഐ സഹായത്തോടെ നിര്‍മിച്ചത്.
എഫ്-35, എസ്.യു-57 എന്നിവയുടെ ചിത്രം. എഐ സഹായത്തോടെ നിര്‍മിച്ചത്.

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് മൂന്ന് സ്‌ക്വാഡ്രണുകള്‍ സ്ഥാപിക്കാന്‍ വേണ്ട 60 യുദ്ധവിമാനങ്ങള്‍ വേണമെന്ന് ഇന്ത്യൻ വ്യോമസേന ആവശ്യപ്പെട്ടു. വ്യോമസേന ഇതുസംബന്ധിച്ച ശുപാര്‍ശ പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. യു.എസും റഷ്യയും അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-35 ലൈറ്റനിങ് II ആണ് യു.എസ് ഇന്ത്യയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, റഷ്യ അവരുടെ എസ്.യു-57 ഇ എന്ന യുദ്ധവിമാനമാണ് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. 

ഇരുരാജ്യങ്ങളുടെയും വാഗ്ദാനങ്ങള്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും വ്യോമസേന ഇതുവരെ ചര്‍ച്ചകളില്‍ പങ്കാളിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് സേന തങ്ങളുടെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. യു.എസിന്റെയും റഷ്യയുടെയും വാഗ്ദാനങ്ങള്‍ പരിഗണിച്ച് 2026നുള്ളില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

ഒരു സ്‌ക്വാഡ്രണ്‍ എന്നത് 20 യുദ്ധവിമാനങ്ങള്‍ ചേര്‍ന്നതാണ്. അത്തരത്തില്‍ മൂന്ന് സ്‌ക്വാഡ്രണുകളാണ് പാകിസ്താൻ, ചൈന എന്നിവരുടെ ഭീഷണി നേരിടാന്‍ വേണ്ടിവരികയെന്നാണ് വ്യോമസേനയുടെ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയുടെ പക്കല്‍ സ്റ്റെല്‍ത്ത് സവിശേഷതയുള്ള യുദ്ധവിമാനങ്ങളില്ല. പകരം എസ്.യു-30 എംകെഐ, റഫാല്‍, തേജസ് എന്നീ വിമാനങ്ങളാണ്  ഉപയോഗിക്കുന്നത്. 

60 അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ലഭ്യമായാല്‍ ഇന്ത്യയുടെ 5.5 തലമുറ സ്‌റ്റെല്‍ത്ത് വിമാനമായ എഎംസിഎ തയ്യാറാകുന്നതുവരെയുള്ള സമയത്ത് ഇന്ത്യയ്ക്ക് മുതല്‍കൂട്ടായി മാറുമെന്നാണ് കരുതപ്പെടുന്നത്. 2035ല എഎംസിഎ വ്യോമസേനയിലേക്ക് എത്തിത്തുടങ്ങുവെന്നാണ് നിലവിലെ കണക്കുകൂട്ടല്‍.

Content Highlights: India Wants 60 5th Gen Fighter Jets