ലോകക്രമത്തിന്റെ ഗതി ഇന്ത്യയിലേക്ക് ചായുന്നു; വ്യാപാരക്കരാർ ഇന്ത്യയുടെ ക്ഷമയുടെ ഫലമെന്ന് മോദി

Photo: PTI
Photo: PTI

ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര കരാർ ദീർഘകാലത്തെ ക്ഷമയുടെ ഫലമാണെന്നും താരിഫ് ചർച്ചകളെക്കുറിച്ചുള്ള വിമർശനങ്ങൾ ഇപ്പോൾ രാജ്യത്തിന് അനുകൂലമായ ഫലത്തിലെത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിൽ തീരുമാനമായതിനുപിന്നാലെ ചൊവ്വാഴ്ച ചേർന്ന എൻഡിഎ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിലേക്കെത്തിയ  മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. നിറഞ്ഞ കരഘോഷത്തോടെയും അഭിനന്ദനങ്ങളോടെയുമാണ് എംപിമാർ മോദിയെ

വരവേറ്റത്.

വ്യാപാര ഇടപാട് അനുകൂലമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിച്ചതായും ആഗോള വ്യാപാര ചർച്ചകളോടുള്ള സർക്കാരിന്റെ സ്ഥിരവും അളന്നുമുള്ള സമീപനത്തെ പ്രതിഫലിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണ്, അതിന്റെ ഗതി ഇന്ത്യയിലേക്ക് കൂടുതൽ ചായുകയാണ്. വിവിധ ആഗോള വേദികളിൽ താൻ ഇത് പറഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലും വ്യാപാര പിരിമുറുക്കങ്ങൾക്കിടയിലും ഇന്ത്യ  പ്രയോജനം നേടുന്നത് ഇന്ന് നമ്മൾ കാണുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.

എംപിമാരോട് പാർലമെന്റിൽ പൂർണ്ണ ഹാജർ ഉറപ്പാക്കാനും ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും മോദി അഭ്യർത്ഥിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന നേട്ടങ്ങൾ ഉയർത്തിക്കാട്ടി പൗരന്മാരെ സമീപിക്കാനും  നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാപാര ഉടമ്പടി ആഭ്യന്തര ഉത്പാദനത്തിന് ഉത്തേജനം നൽകുകയും ഉയർന്ന നിലവാരമുള്ള ഉത്പാദനത്തിലേക്ക് മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച വിവരം കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, യുഎസിന്റെ ഊർജ, സാങ്കേതിക, കാർഷിക, മേഖലയിൽനിന്ന് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.

റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതിനുപകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ പൂർണമായും ഇളവുചെയ്യാനും തീരുവയിതര നിയന്ത്രണങ്ങൾ എടുത്തുകളയാനും ഇന്ത്യ സന്നദ്ധമായിട്ടുണ്ടെന്നും പറഞ്ഞു. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും അദ്ദേഹം മഹാനായ സുഹൃത്തും കരുത്തനായ നേതാവുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേ സമയം പ്രതിപക്ഷ പാർട്ടികൾ മോദിക്കെതിരേ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. മോദി ട്രംപിന് കീഴടങ്ങിയെന്ന് കോൺഗ്രസ് ആരോപിച്ചു. മോദി ട്രംപിന് കീഴ്‌പ്പെട്ടു, സ്വന്തം സർക്കാരിന്റെ വിവരങ്ങൾ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു.

Content Highlights: India-US trade agreement reached! PM Modi highlights shifting world order and economic benefits. Learn more about this significant trade deal and its implications for India`s global position.