13 രാജ്യങ്ങൾക്ക് ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നൽകും

-
-

ന്യൂഡല്‍ഹി: മലമ്പനി പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുന്ന 13 വിദേശരാജ്യങ്ങളുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടു. യുഎസ്,സ്‌പെയിന്‍, ജര്‍മനി, ബെഹ്‌റിന്‍, ബ്രസീല്‍, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, സീഷെൽസ്, മൗറീഷ്യസ്, ഡൊമനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കാണ് മരുന്ന് കയറ്റുമതി ചെയ്യുന്നത്. 

യുഎസ് ഇന്ത്യയോട് 48 ലക്ഷം ഗുളികകള്‍ കയറ്റി അയക്കാനാണ് ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ ഇന്ത്യ 35.82 ലക്ഷം ഗുളികള്‍ക്കാണ് അനുമതി നല്‍കിയത്. ഇവ യുഎസില്‍ എത്തിക്കുകയും ചെയ്തു. ഇതിനൊപ്പം മരുന്നുനിര്‍മാണത്തിനാവശ്യമായ 9 മെട്രിക് ടണ്‍ ഘടകങ്ങളും കയറ്റുമതി ചെയ്തിരുന്നു. 

കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി രാജ്യങ്ങളാണ് മരുന്ന് കയറ്റുമതി ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചത്. 

രണ്ടാംഘട്ടത്തില്‍ ബ്രസീലും കാനഡയും 50 ലക്ഷം ഗുളികകളാണ് പ്രതീക്ഷിക്കുന്നതെന്നും ആദ്യഘട്ടത്തില്‍ മരുന്നു നിര്‍മാണത്തിനാവശ്യമായ 0.53 മെട്രിക് ടണ്‍ ഘടകങ്ങളാണ് ബ്രസീലിലേക്ക് കയറ്റുമതി ചെയ്യുകയെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.  

ബംഗ്ലാദേശിലേക്ക് 20 ലക്ഷം, നേപ്പാളിലേക്ക് 10 ലക്ഷം, ഭൂട്ടാനിലേക്ക് രണ്ടു ലക്ഷം, ശ്രീലങ്കയിലേക്ക് 10 ലക്ഷം(ആദ്യഘട്ടത്തിലല്ല) അഫ്ഗാനിസ്ഥാനിലേക്ക് അഞ്ചുലക്ഷം, മാലദ്വീപിലേക്ക് 2 ലക്ഷം ഗുളികകള്‍ വീതമാണ് കയറ്റുമതി ചെയ്യുക. 

രണ്ടാംഘട്ട കയറ്റമതിയില്‍ ജര്‍മനിയിലേക്ക് 50 ലക്ഷം ഗുളികകളയക്കും. ഇന്ത്യയില്‍ നിന്ന് ആകെ കയറ്റുമതി ചെയ്യുന്നത് 14 മില്യണ്‍ ഗുളികകളും 13.5 മെട്രിക് ടണ്‍ ഘടകങ്ങളുമാണ്. 

മരുന്നുകയറ്റുമതി അനുവദിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചിരുന്നു.

Content Highlights:India to export hydroxychloroquine to 13 nations

Content Highlights: