108 രാജ്യങ്ങളിലേക്ക് 8.5 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ അയയ്ക്കും

ന്യൂഡല്‍ഹി:കോവിഡ് 19-നെതിരെ ലോകം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ നൂറിലധികം രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയച്ചുകൊണ്ട് മെഡിക്കല്‍ നയതന്ത്രത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യ. 108 രാജ്യങ്ങള്‍ക്ക് ഇന്ത്യ 85 ദശലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോള്‍ ഗുളികകളും വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുപുറമേ 1000 ടണ്‍ പാരസെറ്റമോള്‍ ഗ്രാന്യൂള്‍സ് കൂടി കയറ്റി അയയ്ക്കാനും തീരുമാനമുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിനായി മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മരുന്ന് ആവശ്യപ്പെട്ട മറ്റു രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം.'അറുപത് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള നാലായിരത്തിലധികം ചരക്കുകളുടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. മൊത്തം 108 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യുന്നത്.' ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് മരുന്നുകള്‍ കയറ്റി അയക്കുന്നത്. ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ പൗരന്മാരെ തിരികെ നാടുകളിലെത്തിക്കാന്‍ തയ്യാറാക്കിയ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ വഴിയും മരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.
കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൗഹൃദരാജ്യങ്ങളിലേക്കുള്ള മരുന്നുകള്‍ എത്രയും പെട്ടന്ന് എത്തിക്കുന്നതിനാണ് കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. ഈ അടിയന്തര സാഹചര്യത്തില്‍ മരുന്നിന് അപേക്ഷിച്ച മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാകും.
യുഎസ്, യുകെ, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ് എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളിലേക്ക് 80 ദശലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ടാബ്ലെറ്റുകള്‍ വിതരണം ചെയ്തു. ഇറ്റലി, സ്വീഡന്‍, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ 52 രാജ്യങ്ങളിലേക്ക് വലിയ അളവില്‍ പാരസെറ്റമോളും വിതരണം ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ഇവ രണ്ടും വിതരണം ചെയ്തിട്ടുണ്ട്.
Content Highlights: India to Export 85 million HCQ to 108 countries
Content Highlights: