ശത്രുവിന് ഭൂമിക്കടിയിലും ഇനി രക്ഷയില്ല; വരുന്നു ഇന്ത്യയുടെ 'ബങ്കര്‍ ബസ്റ്റര്‍' അഗ്നി മിസൈല്‍

ന്യൂഡല്‍ഹി: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബ് യു.എസ് പ്രയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. മാസ്സീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ എന്നറിയപ്പെടുന്ന ജിബിയു-57/എ എന്ന ബോംബാണ് യുഎസ് ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വര്‍ഷിച്ചത്. അതിന്റെ ഫലപ്രാപ്തിയെപ്പറ്റി സംശയങ്ങളുണ്ടെങ്കിലും ഇത്തരം തന്ത്രപ്രധാനമായ ആയുധങ്ങള്‍ കൈവശമുള്ളത് യുഎസിന് വലിയൊരു മുതല്‍ക്കൂട്ടാണ്.
എന്നാല്‍, ഇത്തരത്തിലൊരു ആയുധം ഇന്ത്യയുടെ പക്കലില്ല. ഭീമാകാരമായ വലിപ്പവും ഭാരവുമുള്ള ഇത്തരം ബോംബുകള്‍ വഹിക്കാനുള്ള യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ പക്കലില്ല എന്നുള്ളതാണ് സത്യം. അതേസമയം, ഇത്തരം ആയുധങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാന്‍ മറ്റൊരു സുരക്ഷിതമായ മാര്‍ഗമുണ്ട്. മിസൈലുകള്‍ വഴി ഇത്തരം ആയുധങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് അത്.
ശക്തമായ കോണ്‍ക്രീറ്റ് കവചങ്ങളെ മറികടന്ന് തുളഞ്ഞിറങ്ങി ടണലുകളുകള്‍ക്കുള്ളിലും ബങ്കറുകള്‍ക്കുള്ളിലും തന്ത്രപ്രധാനമായ ഭൂഗര്‍ഭ താവളങ്ങളും കേന്ദ്രങ്ങളിലും ആക്രമണം നടത്തുക എന്ന ഉദ്ദേശത്തിലാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുക. സാധാരണ ഗതിയില്‍ ബോംബുകള്‍ പ്രയോഗിക്കുക അതിനായി തന്നെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോബര്‍ യുദ്ധവിമാനങ്ങളില്‍ നിന്നാണ്.
നിലവില്‍ സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യയുടെ ബോംബര്‍ കൈവശമുള്ള ഏക രാജ്യം യുഎസ് ആണ്. ലോകത്ത് ഏത് ഭൂഖണ്ഡങ്ങളിലും ചെന്ന് ആക്രമണം നടത്താന്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ക്ക് സാധിക്കും. നിലവില്‍ ഇന്ത്യയ്ക്ക് ഇത്തരത്തിലൊരു വിമാനമില്ല. വിദൂര പ്രദേശങ്ങളിലേക്ക് ആക്രമണം നടത്താന്‍ മിസൈലുകളെയാണ് ഇന്ത്യയ്ക്ക് ആശ്രയിക്കാനാകുക.
നിലവില്‍ ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5നെ പരിഷ്‌കരിച്ച് ബങ്കര്‍ ബസ്റ്റര്‍ പോര്‍മുന വഹിക്കുന്ന മിസൈല്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പുതിയ അഗ്നി മിസൈലിന് 7500 കിലോയോളം ഭാരമുള്ള പോര്‍മുന വഹിക്കാനാകും. പേലോഡിന്റെ ഭാരം കൂടുന്നതുകൊണ്ട് തന്നെ മിസൈലിന്റെ പ്രഹര പരിധി അല്‍പം കുറയും. നിലവില്‍ അഗ്നി-5 മിസൈലിന് 5000 കിലോമീറ്ററിനപ്പുറം വരെ ആക്രമണം നടത്താന്‍ സാധിക്കും. എന്നാല്‍ പുതിയ മിസൈലിന് പരമാവധി 2500 കിലോമീറ്റര്‍ ദൂരെവരെ മാത്രമേ ആക്രമണം നടത്താനാകു.
കൃത്യമായ സ്ഥലത്ത് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന ആയുധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അഗ്നി മിസൈലിന്റെ പുതിയ പതിപ്പൊരുങ്ങുക. ഇന്ത്യയുടെ ഏറ്റവും അടുത്തുള്ള പാകിസ്താനിലെയും ചൈനയിലെയും തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ തകര്‍ക്കുക എന്നുള്ളതാണ് ലക്ഷ്യം.
ഇന്ത്യയുടെ തന്ത്രപ്രധാനമായ ആയുധങ്ങളിലൊന്നാണ് അഗ്നി-5 മിസൈല്‍. കൃത്യത, അത്യാധുനിക ഗതിനിര്‍ണയ സംവിധാനം, കാനിസ്റ്ററില്‍ നിന്ന് ലോഞ്ച് ചെയ്യാന്‍ സാധിക്കും തുടങ്ങിയ സവിശേഷതകളുള്ള മിസൈലാണിത്.
ശത്രുക്കളുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍, അതിസുരക്ഷാ സംവിധാനങ്ങളുള്‍പ്പെടെ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ള്ള സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കാനായാണ് പുതിയ മിസൈല്‍ വികസിപ്പിക്കുന്നത്.
ഒരു ആക്രമണമുണ്ടായാല്‍ തിരിച്ചടിയായി ആദ്യം തന്നെ ശത്രുവിന്റെ സുരക്ഷിതമായ കേന്ദ്രം തന്നെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പോലെ മിക്ക രാജ്യങ്ങളും അവരുടെ തന്ത്രപ്രധാനമായ നിര്‍മിതികള്‍ ഭൂനിരപ്പിന് അടിയിലാകും സ്ഥാപിക്കുക. ഇത്തരം കേന്ദ്രങ്ങളില്‍ സാധാരണ ബോംബുകള്‍ക്കും മിസൈലുകള്‍ക്കും നാശമുണ്ടാക്കാനാകില്ല. ഇന്ത്യയ്ക്ക് അതിനും സാധിക്കുമെന്ന് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം.
ഭൂമിക്കടിയില്‍ 80 മുതല്‍ 100 മീറ്റര്‍ വരെ ആഴത്തിലേക്ക് തുളഞ്ഞിറങ്ങി അകത്തുകടന്ന് സ്‌ഫോടനം നടത്തുന്ന പോര്‍മുനയാണ് മിസൈലിനുണ്ടാകുക. മിസൈല്‍ കേന്ദ്രങ്ങളുള്‍പ്പെടെ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക കേന്ദ്രങ്ങളുള്‍പ്പെടെ തകര്‍ക്കുക എന്നതാണ് മിസൈലിന്റെ ഉദ്ദേശം.
ലക്ഷ്യത്തിന് ഒരു നിശ്ചിത ഉയരത്തില്‍ വെച്ച് പൊട്ടിത്തെറിക്കുന്ന എയര്‍ബസ്റ്റ് സംവിധാനമുള്ള മിസൈലിന്റെ പോര്‍മുനയും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനെ പൊട്ടിത്തെറിക്കുന്ന മിസൈലില്‍ നിന്ന് പുറത്തുവരുന്ന ചെറിയ മൂര്‍ച്ചയേറിയ ശകലങ്ങള്‍ അതിവേഗത്തില്‍ സമീപത്തുള്ള മിലിട്ടറി വാഹനങ്ങള്‍, വ്യോമതാവളങ്ങള്‍, തന്ത്രപ്രധാനമായ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാര്യമായ നാശമുണ്ടാക്കും.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് അഗ്നി മിസൈലുകള്‍ വികസിപ്പിച്ചത്. ഡിആര്‍ഡിഒ ആണ് പുതിയ പതിപ്പിന് പിന്നില്‍.
Content Highlights: India plans to develop a bunker-buster missile based on Agni-5