ഇന്ത്യയുടെ 'ഭാർഗവാസ്ത്ര': ശത്രു ഡ്രോണുകളെ ഞൊടിയിടയിൽ തകർക്കും; തദ്ദേശീയ കൗണ്ടർ ഡ്രോൺ പരീക്ഷണം വിജയം

Photo | ANI
Photo | ANI

ന്യൂഡല്‍ഹി: 'ഭാര്‍ഗവാസ്ത്ര' എന്നു പേരിട്ടിരിക്കുന്ന പുതിയ കൗണ്ടര്‍ ഡ്രോണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിര്‍മിച്ച ചെലവ് കുറഞ്ഞ ഉപകരണമാണിത്. ഒഡിഷയിലെ ഗോപാല്‍പുരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (എസ്ഡിഎഎല്‍) ആണ് ഡ്രോണ്‍ രൂപകല്പന ചെയ്തത്. ഇന്ത്യയെ ലക്ഷ്യംവെച്ച് വരുന്ന ഡ്രോണ്‍ ആക്രമണങ്ങളെ നിർവീര്യമാക്കാൻ ഇത് സഹായിക്കും.

ഗോപാല്‍പുരില്‍ മുതിര്‍ന്ന ആര്‍മി എയര്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ചയായിരുന്നു ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം. ഓരോ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങള്‍ നടത്തി. പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നു. 'ഹാര്‍ഡ് കില്‍' സാങ്കേതിക വിദ്യ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്ന ഭാര്‍ഗവാസ്ത്രയ്ക്ക് 2.5 കിലോമീറ്റര്‍വരെ ദൂരത്തില്‍ വരുന്ന ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാനുള്ള കഴിവുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 5,000 മീറ്ററില്‍ കൂടുതല്‍ ഉയരത്തിൽ, ഭൂമിശാസ്ത്രപരമായി വ്യത്യസ്ത പ്രദേശങ്ങളില്‍ തടസ്സമില്ലാതെ ഉപയോഗിക്കാനാവും.

യുദ്ധസാഹചര്യങ്ങളില്‍ ഒരു പ്രധാന ഭീഷണിയായി മാറിയിരിക്കുകയാണ് റിമോട്ട് വഴി നിയന്ത്രിക്കപ്പെടുന്ന ഡ്രോണുകള്‍. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ വ്യാപകമായി ഡ്രോണുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്‍ സൈന്യവും ഇത് ഇന്ത്യക്കുനേരെ പ്രയോഗിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ജില്ലകളെയും നഗരങ്ങളെയും ലക്ഷ്യമാക്കി പാകിസ്താന്‍ തൊടുത്ത ഡ്രോണുകള്‍ പക്ഷേ, ഇന്ത്യ യഥാവിധം തകര്‍ത്തു.

Content Highlights: India Successfully Tests Indigenous 'Bargavastra' Counter-Drone System