പാകിസ്താന്റെ ഇരവാദത്തിൽ ആരും വഞ്ചിതരാകാൻ പോകുന്നില്ല – ഇന്ത്യ

ന്യൂഡൽഹി: പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ പ്രായോജരാജ്യമാണ് പാകിസ്താനെന്ന് ഒരിക്കൽ കൂടി രൂക്ഷമായി വിമർശിച്ച് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന്റെ കാര്യത്തിൽ പാകിസ്താനെ ഒരുതരത്തിലും വിശ്വസിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം (MEA) പറഞ്ഞു. പാകിസ്താനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള നിലവിലെ തർക്കത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ പ്രതികരിച്ചിരുന്നു. പാകിസ്താൻ കരുതുന്നതുപോലെ പാക് ഇരവാദത്തിൽ ആരും വഞ്ചിക്കപ്പെടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിൽ, തങ്ങളുടെ തെറ്റുകൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്താന് മറ്റൊരു പ്രകൃതമായി മാറിയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. "അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ തള്ളിക്കളയുന്നു. തങ്ങളുടെ തെറ്റുകൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ മറ്റൊരു പ്രകൃതമായി മാറിയിരിക്കുന്നു. ദശകങ്ങളായി ഭീകരവാദത്തിൻ്റെ സ്പോൺസർ എന്ന നിലയിൽ, അതിർത്തി കടന്നുള്ള ഭീകരവാദത്തിൻ്റെ കാര്യത്തിൽ പാകിസ്താന് യാതൊരു വിശ്വാസ്യതയുമില്ല. എത്ര കഥ പറഞ്ഞാലും യാഥാർഥ്യം മാറില്ല, പാകിസ്താൻ്റെ സങ്കൽപ്പത്തിലുള്ള ഇരവാദത്തിൽ ആരും വഞ്ചിക്കപ്പെടാൻ പോകുന്നില്ല," ജയ്സ്വാൾ പറഞ്ഞു.
അഫ്ഗാനിസ്ഥാനും പാകിസ്താനും ഇടയിലുള്ള നിലവിലെ സംഘർഷം ഫെബ്രുവരി 27 ന് അഫ്ഗാൻ സേന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ തിരിച്ചടി നടത്തിയതോടെയാണ് ആരംഭിച്ചത്, ഫെബ്രുവരി 21 ന് പാകിസ്താൻ അഫ്ഗാൻ്റെ അതിർത്തിക്കുള്ളിലെ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ നടപടികൾക്ക് ശേഷമാണ് ഇത്. ഈ ആഴ്ച ആദ്യം, അഫ്ഗാനിസ്ഥാനെതിരായ പാകിസ്താൻ്റെ വ്യോമാക്രമണങ്ങളെ ഇന്ത്യ അപലപിക്കുകയും റംസാൻ മാസത്തിൽ "ഇസ്ലാമിക ഐക്യദാർഢ്യം" പ്രസംഗിക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും കൂടുതലായി ലക്ഷ്യമിട്ട് നടത്തിയതിലെ കാപട്യം എടുത്തു പറയുകയും ചെയ്തു.
അഫ്ഗാനിസ്ഥാൻ തങ്ങളുടെ അതിർത്തിയിൽ നിന്ന് ഭീകരവാദികളെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിനാലാണ് അഫ്ഗാനിസ്ഥാനെ ആക്രമിക്കുന്നതെന്നാണ് പാകിസ്താന്റെ അവകാശവാദം
Content Highlights: India labels Pakistan as a long-standing sponsor of terrorism., MEA rejects Pakistan's attempt to blame India for regional conflicts., Condemnation of Pakistan's military strikes on Afghan soil targeting civilians., Pakistan's lack of credibility in international counter-terrorism efforts.