ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ, റഷ്യയിൽനിന്ന് എണ്ണ വാങ്ങിക്കൂട്ടി; ചൈനയുടെ തൊട്ടുപിന്നിൽ

മുംബൈ: അമേരിക്കയുടെ പിഴത്തീരുവയ്ക്കിടയിലും റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. ഓഗസ്റ്റിൽ 290 കോടി യൂറോയുടെ (ഏകദേശം 30,000 കോടി രൂപ) അസംസ്കൃത എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയത്. ചൈനയുടെ 310 കോടി യൂറോയുടെ (32,000 കോടി രൂപ) ഇറക്കുമതിക്ക് അടുത്തേക്ക് ഒരു പടികൂടി അടുക്കുകയുംചെയ്തു.
ഹെൽസിങ്കി ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. ജൂലായിൽ 270 കോടി യൂറോയുടെ അസംസ്കൃത എണ്ണയായിരുന്നു ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയിരുന്നത്. ചൈന 410 കോടി യൂറോയുടെയും.
ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറഞ്ഞപ്പോൾ ഇന്ത്യയുടേത് ഓഗസ്റ്റിൽ കൂടിയതായാണ് കണക്ക്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കൻ സമ്മർദത്തിനിടയിലാണിതെന്നതും ശ്രദ്ധേയമാണ്. ഇതിനായി ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കെത്തിക്കുന്ന ഉത്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തുകയും ചെയ്തിരുന്നു. തന്ത്രപ്രധാനമായ കരുതൽ ശേഖരത്തിലേക്കാണ് ചൈന കൂടുതലും റഷ്യൻ എണ്ണ വാങ്ങിക്കൂട്ടുന്നത്. എന്നാൽ, ഇന്ത്യ വിപണിക്കുവേണ്ടിയാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ സംസ്കരിച്ച് കമ്പനികൾ വിദേശരാജ്യങ്ങളിലേക്ക് ഡീസലും പെട്രോളും കയറ്റുമതി ചെയ്യുന്നുമുണ്ട്.
ഓഗസ്റ്റിൽ റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ വാങ്ങിയത് ചൈനയാണ്. അതേസമയം, റഷ്യയിൽനിന്നുള്ള വാതകവും എണ്ണ ഉത്പന്നങ്ങളും കൂടുതൽ വാങ്ങിയത് തുർക്കിയാണ്. അസംസ്കൃത എണ്ണ കൂടാതെ 51 കോടി യൂറോയുടെ കൽക്കരിയും 28.2 കോടി യൂറോയുടെ പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Content Highlights: India's Russian Oil Imports Surge Amidst US Sanctions and Tariffs