വ്യാപാരത്തിന് രൂപയും റൂബിളും, ഡോളര്‍ ഒഴിവാക്കും; ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് പുതിന്‍

#ന്യൂസ് ഡെസ്ക്
വ്‌ളാദിമിര്‍ പുതിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:AFP
വ്‌ളാദിമിര്‍ പുതിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:AFP

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങള്‍ക്കും ഭാവിയില്‍ ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

'വരും കാലങ്ങളില്‍ നമ്മുടെ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുമെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു, ഈ വിശ്വാസമാണ് നമ്മുടെ ഭാവിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുക' പുതിനെ നോക്കിക്കൊണ്ട് മോദി പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണമായാലും ക്രോക്കസ് സിറ്റി ഹാളിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണമായാലും, ഇത്തരം എല്ലാ പ്രവൃത്തികള്‍ക്കും ഒരേ വേരുകളാണ് ഉള്ളത്. ഭീകരത മാനവികതയുടെ മൂല്യങ്ങള്‍ക്കു നേരെ ഒരു നേരിട്ടുള്ള ആക്രമണമാണെന്നും ഇതിനെതിരായ ആഗോള ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി എന്നും ഇന്ത്യ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് ഇന്ത്യന്‍-റഷ്യന്‍ വ്യവസായങ്ങള്‍ തമ്മിലുള്ള സംയുക്ത ഉത്പാദനവും നൂതന സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയായിരിക്കുമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഊഷ്മളമായ സ്വീകരണത്തിന് ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പുതിന്‍ നന്ദി അറിയിച്ചു. മോദിയുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു എന്നും സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും പുതിന്‍ വ്യക്തമാക്കി. റഷ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്ന കരാറുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും പുതിന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും പേയ്മെന്റ് സെറ്റില്‍മെന്റുകള്‍ക്കായി ദേശീയ കറന്‍സികള്‍ ഉപയോഗിക്കുന്നതിലേക്ക് ക്രമേണ നീങ്ങുകയാണെന്നും പുതിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനി രൂപയിലും റഷ്യന്‍ കറന്‍സിയായ റൂബിളിലും ആകും നടക്കുക എന്നാണ് പുതിന്‍ പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ നിന്ന് ഡോളറിന്റെ ഉപയോഗം ക്രമേണെ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. 

Content Highlights: PM Modi & Russian President Putin met to strengthen India-Russia friendship, discuss global challenges