വിരൽ ചൂണ്ടുന്നതിന് മുൻപ് സ്വയം പരിശോധിക്കൂ; കറാച്ചി ആക്രമണത്തിൽ പാകിസ്താന് ഇന്ത്യയുടെ കനത്ത മറുപടി

#ന്യൂസ് ഡെസ്ക്
രണ്‍ധീര്‍ ജയ്‌സ്വാള്‍ | Photo: ANI
രണ്‍ധീര്‍ ജയ്‌സ്വാള്‍ | Photo: ANI

ന്യൂഡൽഹി: കറാച്ചിയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാകിസ്താന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാകിസ്താൻ ഉന്നയിക്കുന്നതെന്നും ഇവയെ ഇന്ത്യ തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ അറിയിച്ചു. സ്വന്തം അതിർത്തിക്കുള്ളിലെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.

പാകിസ്താൻ താലിബാന്റെ ഒരു വിഭാഗമായ 'ജമാഅത്ത്-ഉൽ-അഹ്‌റാർ' എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് പകരം സ്വന്തം മണ്ണിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ വിശ്വസനീയമായ നടപടിയെടുക്കാൻ പാകിസ്താൻ തയ്യാറാകണമെന്ന് രൺധീർ ജയ്‌സ്വാൾ തിരിച്ചടിച്ചു. ഭീകരവാദത്തെ ഭരണകൂട നയമായി ഉപയോഗിക്കുന്നത് പാകിസ്താൻ നിർത്തലാക്കണമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്ന ശൈലി പാകിസ്താൻ തുടരുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലെ പാരാമിലിട്ടറി റേഞ്ചേഴ്‌സ് പ്രാദേശിക ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ആസ്ഥാനത്തേക്ക് ഇടിച്ചുകയറ്റിയതിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതീവ സുരക്ഷയുള്ള ആസ്ഥാനത്തിന് നേരെയാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിനിടെ മൂന്ന് ഭീകരരെ പാക് സൈന്യം വധിക്കുകയും പരിക്കേറ്റ ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതി അഫ്ഗാൻ പൗരനാണെന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 

Content Highlights: India dismisses Pakistan's accusations regarding the Karachi attack, urging them to address domestic terrorism instead.