യുഎസുമായുള്ള വ്യാപാരക്കരാർ; ഇന്ത്യൻ എണ്ണശുദ്ധീകരണശാലകൾ റഷ്യൻ എണ്ണ ഒഴിവാക്കുന്നു

ന്യൂഡൽഹി: ഏപ്രിലിൽ റഷ്യയിൽനിന്നുള്ള എണ്ണ വിതരണം ചെയ്യേണ്ടതില്ലെന്ന് ഇന്ത്യൻ എണ്ണശുദ്ധീകരണശാലകൾ വ്യാപാരികളോടു നിർദേശിച്ചു. ഈ നിലപാട് ഏപ്രിൽകഴിഞ്ഞും നീളുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ 'റോയിറ്റേഴ്‌സ്' ഞായറാഴ്ച റിപ്പോർട്ടുചെയ്തു. ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിന്റെ പ്രാഥമിക രൂപരേഖ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വാർത്തയെത്തുന്നത്. റഷ്യൻ എണ്ണ ഒഴിവാക്കണമെന്നത് വ്യാപാരക്കരാറിനുള്ള യു.എസിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഏപ്രിലിൽ റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങേണ്ടെന്നു തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച ഏതാനും വീപ്പ എണ്ണ മാർച്ചിൽ വാങ്ങും. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് 'റോയിറ്റേഴ്‌സി'നോടു പ്രതികരിക്കാൻ മൂന്നു കമ്പനികളും തയ്യാറായില്ല. മറ്റുപല എണ്ണശുദ്ധീകരണശാലകളും റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചു. എന്നാൽ, ഇക്കാര്യം കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2022-ൽ റഷ്യ യുക്രൈനിൽ കൈയേറ്റം നടത്തിയശേഷമാണ് ഇന്ത്യ അവിടെനിന്ന് കൂടുതലായി എണ്ണ വാങ്ങിത്തുടങ്ങിയത്.
Content Highlights: Indian refineries are stopping Russian crude oil purchases following a trade agreement outline with the US. Explore the implications and major companies involved.