ചൈനയുടെ കയറ്റുമതി നിയന്ത്രണം മറികടക്കാൻ ഇന്ത്യ; 7,280 കോടിയുടെ ഖനന പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: റെയർ എർത്ത് മൂലകങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക ഖനനപദ്ധതി ആവിഷ്കരിച്ച് ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജം, പ്രതിരോധ മേഖല എന്നിവയിലുടനീളം ഉപയോഗിക്കുന്ന സിന്റേഡ് റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്നറ്റുകളുടെ (REPMs) ഉദ്പാദനം വർധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. റെയര്‍ എര്‍ത്ത് മാഗ്നറ്റ് സാമഗ്രികളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.
പ്രതിവര്‍ഷം 6,000 മെട്രിക് ടണ്‍ പൂര്‍ണമായി സംയോജിപ്പിച്ച ആര്‍ഇപിഎം നിര്‍മാണശേഷി കൈവരിക്കുക എന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി 7,280 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് സര്‍ക്കാര്‍ അനുമതി നല്‍കി. 6,450 കോടി രൂപ അഞ്ച് വര്‍ഷത്തേക്ക് വില്പനയുമായി ബന്ധപ്പെട്ടും 750 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനുമായും നല്‍കും.
റെയര്‍ എര്‍ത്ത് ഓക്‌സൈഡുകളെ ലോഹങ്ങളാക്കി മാറ്റുക, ലോഹങ്ങളെ അലോയ്കളാക്കി മാറ്റുക, കാന്തങ്ങള്‍ നിര്‍മിക്കുക എന്നിങ്ങനെയുള്ള മുഴുവന്‍ പ്രക്രിയയും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ ഇന്ത്യയുടെ ആര്‍ഇപിഎം ആവശ്യകതകള്‍ മിക്കവാറും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. 2030-ഓടെ ആവശ്യം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, വിതരണം ഉറപ്പാക്കാന്‍ ഇവിടെത്തന്നെ പുതിയ സംരംഭം വികസിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ഉത്പാദനം ഏറ്റവും കൂടുതലായി നടത്തുന്ന ചൈന ഈ രംഗത്തെ കുത്തക രാജ്യമാണ്. ആഗോളവിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ ആധിപത്യം അവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. റെയര്‍ എര്‍ത്ത് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ പുതിയ പദ്ധതി കൊണ്ടുവരുന്നത്.
Content Highlights: India approves Rs 7,280 crore to boost rare earth permanent magnet manufacturing