പാകിസ്താനിലെ ആണവായുധ സംഭരണകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചോ? കിരാന ഹിൽസിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

Photo: 'X' Damien Symon
Photo: 'X' Damien Symon

ന്യൂഡൽഹി: പാകിസ്താനിലെ കിരാന ഹിൽസിൽ മിസൈൽ പതിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഉപ​ഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് പ്രശസ്ത ഉപഗ്രഹ ചിത്ര വിദഗ്ദ്ധനും ജിയോ-ഇൻ്റലിജൻസ് ഗവേഷകനുമായ ഡാമിയൻ സൈമൺ. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി പാകിസ്താനിലെ കിരാന ഹിൽസിലെ ആണവായുധ സംഭരണകേന്ദ്രം ഇന്ത്യ ആക്രമിച്ചെന്ന പ്രചാരണം സൈന്യം നിഷേധിച്ചിരുന്നു.

പാകിസ്താനിലെ സർഗോധാ ജില്ലയിലെ തന്ത്രപ്രധാനമായ ഈ സ്ഥലത്ത് ഒരു മിസൈൽ പതിച്ചതായി ജൂണിൽ ഗൂഗിൾ എർത്തിൽ നിന്ന് ലഭിച്ച പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. രണ്ട് ഉപ​ഗ്രഹ ചിത്രങ്ങളാണ് ഡാമിയൻ സൈമൺ എക്സിൽ പങ്കുവെച്ചിട്ടുള്ളത്. 2025 മെയ് മാസത്തിൽ കിരാന ഹിൽസിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൻ്റെ ആഘാതമേറ്റ സ്ഥലത്തിന്റെയും ഇന്ത്യൻ ആക്രമണത്തിന് ശേഷം അറ്റകുറ്റപ്പണി നടത്തിയ സർഗോധാ വ്യോമതാവളത്തിലെ റൺവേകളുടെയും ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

പാകിസ്താൻ്റെ ശക്തമായ സുരക്ഷാ വലയമുള്ള പ്രദേശമാണ് കിരാന. ഇവിടെ ഒരു ഭൂഗർഭ അണുവായുധ സംഭരണ കേന്ദ്രമുണ്ടെന്നും ആണവ ഗവേഷണത്തിനും പരീക്ഷണങ്ങൾക്കും വേദിയാകുന്ന സ്ഥലമാണിതെന്നും വിശ്വസിക്കപ്പെടുന്നു. 1980-കളിൽ നടത്തിയ സബ്ക്രിട്ടിക്കൽ ആണവ പരീക്ഷണങ്ങൾ ഉൾപ്പെടെ ഇവിടെയാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

വലിയ തോതിലുള്ള ആക്രമണം ഉണ്ടായതായി ഈ ചിത്രങ്ങൾ സൂചന നൽകുന്നില്ലെന്നും ഡാമിയൻ സൈമൺ പറയുന്നു. 'ഈ ചിത്രവും മുൻ ചിത്രങ്ങളും ഭൂമിക്കടിയിൽ ആഘാതമേറ്റതിനോ മിസൈൽ തുളച്ചുകയറിയതിനോ സൂചന നൽകുന്നില്ല. ഇത് ഒരു കുന്നിൻ്റെ ഒരു വശം മാത്രമാണ്. അതിൻ്റെ സമീപത്തൊന്നും പ്രത്യേക മൂല്യമുള്ളതായി ഒന്നുമില്ല. ഇത് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഒരു മുന്നറിയിപ്പ് ആക്രമണമായിരിക്കാം. തുരങ്കങ്ങൾ തുടങ്ങിയവ കൂടുതൽ ദൂരെയാണ്. അവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി കാണുന്നില്ല'- എന്നാണ് ഒരു എക്സ് ഉപഭോക്താവിന്റെ ചോദ്യത്തിന് ഡാമിയൻ സൈമൺ മറുപടി നൽകിയിരിക്കുന്നത്.

കിരാന ഹിൽസ് പ്രദേശത്തുള്ള ആണവായുധകേന്ദ്രം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ആക്രമിച്ചെന്നും ആണവച്ചോർച്ചയ്ക്ക് ഇത് വഴിവെച്ചെന്നും പ്രചരണങ്ങളുണ്ടായിരുന്നു. കിരാന ഹിൽസിൽ ചില ആണവകേന്ദ്രങ്ങളുണ്ടെന്ന് പറഞ്ഞതിന് നന്ദിയുണ്ടെന്നും തങ്ങൾക്ക് അതിനെപ്പറ്റി അറിവില്ലെന്നുമായിരുന്നു വ്യോമസേനയുടെ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാർതി അന്ന് പ്രതികരിച്ചത്. കിരാന ഹിൽസിൽ എന്തുണ്ടായാലും ഇന്ത്യ അവിടെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി പാകിസ്താന് സംഭവിച്ച നാശനഷ്ടങ്ങളിലേക്കാണ് ചിത്രങ്ങൾ വിരൽ ചൂണ്ടുന്നത്. അതിവേ​ഗം അറ്റകുറ്റപണികൾ പൂർത്തികരിക്കുന്നതിനായുള്ള പാക് നീക്കം ഈ വ്യോമതാവളം പാകിസ്താന് തന്ത്രപ്രധാനമാണെന്നതിന്റെ സൂചനകൂടിയായാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: New imagery indicates India`s May strike hit the sensitive Kirana Hills site