സഹകരണം സാധ്യമല്ലാത്തിടത്ത് ഒന്നിച്ച് പ്രചാരണമില്ലെന്ന് യെച്ചൂരി; ഭിന്നതകള്‍ ഇല്ലെന്ന് കെജ്രിവാള്‍

മുംബൈ: ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനത്തില്‍ വ്യക്തത വരുത്തി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഹകരണം സാധ്യമല്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നിച്ചുള്ള പ്രചാരണവുമുണ്ടാവില്ലെന്ന് അദ്ദേഹം ഒരു വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'സഹകരണം സാധ്യമല്ലാത്ത ഇടങ്ങളില്‍ ഒരുമിച്ചുള്ള പ്രചാരണവുമുണ്ടാവില്ല. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരമുപേക്ഷിച്ച് എല്ലാം സി.പി.എമ്മിന് കൈമാറുമോ? അത് സാധ്യമല്ല. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ടുപോവും. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നത്', സീതാറാം യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ മത്സരമായതിനാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എയേയോ എം.പിയേയോ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പെന്നാല്‍ കണക്കുകളല്ല, ജനങ്ങളുടെ പിന്തുണനേടലും വോട്ടിന്റെ വിഭജനം കുറയ്ക്കലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറ്റ് വിഭജനം സംസ്ഥാന തലങ്ങളിലാവും ഉണ്ടാവുകയെന്ന് നേരത്തെ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, സഖ്യത്തില്‍ ഭിന്നതകളുണ്ടെന്ന ബി.ജെ.പി. ആരോപണത്തെ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ഇതുവരെ നടന്ന മൂന്നുയോഗങ്ങളിലും താന്‍ പങ്കെടുത്തിരുന്നുവെന്നും അവയെല്ലാം വളരേ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. ആരും ഇവിടെ വന്നിരിക്കുന്നത് ഏതെങ്കിലും സ്ഥാനങ്ങള്‍ക്കായല്ല. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സഖ്യത്തില്‍ ഭിന്നതകളുണ്ടെന്ന ആരോപണവുമായി നേരത്തെ വിവിധ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Content Highlights: INDIA opposition unity Mumbai meeting Sitaram Yechury arvind kejriwal conflict kerala congress cpm