വഖഫ് ബില്ലിനെ പ്രതിരോധിക്കാൻ ഇന്ത്യാസഖ്യം; 'മുനമ്പം' ഉന്നയിച്ച് ജോസ് കെ. മാണിയും ഫ്രാൻസിസ് ജോർജും

ഇന്ത്യ മുന്നണി യോഗത്തില്‍നിന്ന്‌ | Photo: X/ ANI
ഇന്ത്യ മുന്നണി യോഗത്തില്‍നിന്ന്‌ | Photo: X/ ANI

ന്യൂഡല്‍ഹി: ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യ മുന്നണി. ബില്ലിനെ ഒരേശബ്ദത്തിൽ എതിര്‍ക്കാന്‍ ചൊവ്വാഴ്ച, പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തിൽ തീരുമാനമായി. ബില്ലിന്മേല്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗംചേര്‍ന്നത്.

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍,  മുസ്ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍, സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ്, സിപിഐ എംപി സന്തോഷ് കുമാര്‍, ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്, എന്‍സിപി (ശരദ് ചന്ദ്ര പവാര്‍) നേതാവ് സുപ്രിയ സുലെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ ബാനര്‍ജി, ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിങ്, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, തിരുച്ചി ശിവ, കനിമൊഴി, ശിവസേന (ഉദ്ധവ് താക്കറെ) എംപി പ്രിയങ്ക ചതുര്‍വേദി, ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ഝാ, എംഡിഎംകെ നേതാവ് വൈക്കോ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ചര്‍ച്ചയില്‍ പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്ന് ജോണ്‍ ബ്രിട്ടാസും വ്യക്തമാക്കി.

അതേസമയം, മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ഇരു കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും യോഗത്തില്‍ ആശങ്ക അറിയിച്ചതായാണ് വിവരം. ജോസ് കെ മാണിയും ജോസഫ് വിഭാഗം എംപി ഫ്രാന്‍സിസ് ജോര്‍ജുമാണ് മുനമ്പം വിഷയം യോഗത്തില്‍ ഉന്നയിച്ചത്. കേരളത്തിന്റെ വിഷയങ്ങളില്‍ പ്രത്യേകശ്രദ്ധയുണ്ടാവുമെന്ന് ഇരുവര്‍ക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉറപ്പു നല്‍കി.

ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചുവെന്നാണ് വിവരം. നേരത്തെ എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. അടുത്ത മൂന്നുദിവസം സഭയില്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്നാണ് നിര്‍ദേശം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.

രാജ്യസഭയില്‍ ബില്‍ വ്യാഴാഴ്ച അവതരിപ്പിക്കും. ഇരുസഭകളിലും എട്ടുമണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. ബില്ലിന്മേല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ച് വോട്ടുചെയ്യാന്‍, ബിജെപിക്കുശേഷം എന്‍ഡിഎയിലെ വലിയ കക്ഷികളായ ടിഡിപിയും ജെഡിയുവും തങ്ങളുടെ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, എന്‍ഡിഎയിലെ ഏതാനും കക്ഷികള്‍ ബില്ലില്‍ കൂടുതല്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചേക്കുമെന്ന് സൂചനയുണ്ട്.

Content Highlights: INDIA Bloc to join Waqf bill debate in Parliament, but oppose it tooth and nail