‘റഷ്യൻ എണ്ണ വാങ്ങുമോ?’, ഒഴിഞ്ഞുമാറി ഗോയൽ, വിഷയം വിദേശകാര്യമന്ത്രാലയം കൈകാര്യം ചെയ്യുമെന്ന് മറുപടി

ന്യൂഡൽഹി: ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് ആവർത്തിച്ച് പ്രസ്താവിക്കുമ്പോഴും വ്യക്തത വരുത്താതെ കേന്ദ്രസർക്കാർ. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, വിദേശകാര്യ മന്ത്രാലയം ഈ വിഷയം കൈകാര്യം ചെയ്യുമെന്ന് ഗോയൽ പ്രതികരിച്ചു. ഇന്ത്യയ്ക്കുമേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള തീരുവ അയൽരാജ്യങ്ങൾക്കുള്ളതിനെ അപേക്ഷിച്ച് കുറവാണെന്നും പ്രതിപക്ഷം ആരോപിച്ചതുപോലെ വ്യാപാരക്കരാർ ഇന്ത്യൻ കർഷകരെ ദോഷകരമായി ബാധിക്കില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച കരാർ പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല. ഇടക്കാലക്കരാർ ചട്ടക്കൂട് സംബന്ധിച്ച ഔദ്യോഗിക സംയുക്ത പ്രസ്താവനയിൽ റഷ്യയെക്കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പ്രത്യേക എക്സിക്യൂട്ടീവ് ഓർഡറിൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നതിന് ശിക്ഷയായി ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം തീരുവ പിൻവലിച്ചതായി പ്രത്യേകം പരാമർശിക്കുന്നുണ്ട്. പക്ഷേ, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്നോ നിർത്തുമെന്നോ തരത്തിലുള്ള ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല.
രാജ്യത്ത് കർഷകവിരുദ്ധരും കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരുമായ ചിലരുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാറിന് കീഴിൽ കാർഷിക ഉല്പന്നങ്ങൾക്ക് യാതൊരു ഇളവും നൽകിയിട്ടില്ലെന്ന് ചിലർ അത്ഭുതപ്പെടുന്നു, പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മന്ത്രി പറഞ്ഞു. "പാർലമെന്റിൽ എന്ത് ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് സ്പീക്കറും ചെയർമാനും തീരുമാനിക്കും. എല്ലാ കാര്യങ്ങളും പാർലമെന്റിൽ വായിക്കാൻ കഴിയില്ല; ചില കാര്യങ്ങൾ നേരിട്ട് രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കണം."കരാറിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് ഗോയൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നുണകൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും ഗോയൽ കൂട്ടിച്ചേർത്തു.
വരുംദിവസങ്ങളിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നും ഇന്ത്യയുടെ കയറ്റുമതിക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമായി യുഎസ് മാറുമെന്നും വാണിജ്യമന്ത്രി കൂട്ടിച്ചേർത്തു. കരാർ വിവിധ മേഖലകൾക്ക് കയറ്റുമതി ആനുകൂല്യങ്ങൾ നൽകുകയും ഇറക്കുമതിയിൽ നിന്ന് കാർഷികമേഖലയെ സംരക്ഷിക്കുകയും ചെയ്യും. ഇത് ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി ഇന്ത്യയുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും അവസരം നൽകും. ഈ കരാർ ഇന്ത്യയുടെ കയറ്റുമതിക്കാർക്ക് സമർപ്പിക്കുന്നു. ഈ കരാർ ഇന്ത്യയുടെ കർഷകർക്ക് സമർപ്പിക്കുന്നു. ഈ കരാർ ഇന്ത്യയുടെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സമർപ്പിക്കുന്നു-"ഗോയൽ പറഞ്ഞു.
Content Highlights: India remains unclear on Russian oil imports amid US pressure. Commerce Minister Piyush Goyal addressed trade deal benefits for farmers and exports.