ചൈനയ്ക്ക് മുന്നറിയിപ്പ്; മലാക്ക കടലിടുക്കില്‍ പട്രോളിങ്ങിനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ടിയാന്‍ജിനിലെ ഷാങ്ഹായ് ഉച്ചകോടിയില്‍ ചൈനയുമായി സൗഹൃദം പങ്കിട്ടെങ്കിലും തന്ത്രപ്രധാനമായ നീക്കവുമായി ഇന്ത്യ.ചൈനീസ് പ്രസിഡന്റ് ഷീ ജീന്‍പിങ്ങുമായി കൈകൊടുത്ത് പിരിഞ്ഞ് ദിവസങ്ങള്‍ക്കു പിന്നാലെ ചൈനയ്ക്ക് തലവേദനയുണ്ടാക്കുന്ന നീക്കവുമായി ഇന്ത്യ. തന്ത്രപ്രധാനമായ മലാക്ക കടലിടുക്കില്‍ ഇന്ത്യന്‍ നാവികസേന പട്രോളിങ്ങിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കാനുള്ള തന്ത്രപ്രധാനമായ നാവികപാതയാണ് മലാക്ക കടലിടുക്ക്. ചൈനയുടെ വ്യാപാരം, പ്രകൃതിവാതക- ക്രൂഡോയില്‍ ഇറക്കുമതി എന്നിവയുടെ ബഹുഭൂരിപക്ഷവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനവും എന്നാല്‍ ഏറെ ദുര്‍ബലവുമായ ഭാഗമാണ് മലാക്ക കടലിടുക്ക്.
സിങ്കപ്പുര്‍, ഇന്തൊനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യന്‍ നാവിക സേന മലാക്ക കടലിടുക്കില്‍ പട്രോളിങ്ങിനൊരുങ്ങുന്നത്. ചൈനയ്ക്ക് മാത്രമല്ല, ഇന്ത്യയ്ക്കും മലാക്ക കടലിടുക്ക് തന്ത്രപ്രധാനമാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട വാണിജ്യക്കപ്പലുകളും 60 ശതമാനവും കടന്നുപോകുന്നത് മലാക്ക കടലിടുക്ക് വഴിയാണ്. മാത്രമല്ല, പ്രകൃതി വാതക ഇറക്കുമതി കൂടുതലും നടക്കുന്നതും ഇതുവഴിയാണ്. എന്നാല്‍, ഇന്ത്യയ്ക്ക് ഈ പാത ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ ചൈനയ്ക്കിത് ഏറ്റവും ദുർഘടമായ മേഖലയാണ്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസവും ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കും.
ഇന്ത്യയുടെ ഭാഗമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍നിന്ന് 600 കിലോമീറ്റര്‍ മാത്രം അകലെയാണ് മലാക്കാ കടലിടുക്ക്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടന്നുകയറാന്‍ ചൈന പലപ്പോഴായി ശ്രമിക്കുന്നുണ്ട്. അതിന് മറുപടിയായി ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യയും ഇടപെട്ട് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമാണ് മലാക്ക കടലിടുക്കിലെ ശക്തിപ്രകടനത്തിന് ഒരുങ്ങുന്നത്.
എസ്.സി.ഒ ഉച്ചകോടിക്ക് പിന്നാലെ തിരികെ ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ വെച്ച് സിങ്കപ്പുര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന ചൈനയെ ഞെട്ടിക്കുന്നതായിരുന്നു. ദക്ഷിണ ചൈന കടലില്‍ ചൈനയുമായി തര്‍ക്കത്തിലേര്‍പ്പെടാത്ത രാജ്യമാണ് സിങ്കപ്പുര്‍. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ അങ്ങനെയല്ല. ഈ നിഷ്പക്ഷതയിലാണ് ഇപ്പോള്‍ മാറ്റമുണ്ടാകുന്നത്. പ്രതിരോധ, സുരക്ഷാ സഹകരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മലാക്ക കടലിടുക്കിലെ പട്രോളിങ്ങില്‍ ഇന്ത്യയുടെ താല്പര്യത്തെ സിംഗപ്പുര്‍ അംഗീകരിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു
2022-ല്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ ഇന്തോനേഷ്യന്‍ നാവികസേനയുമായി ചേര്‍ന്ന് ആന്‍ഡമാന്‍ കടലിലും മലാക്ക കടലിടുക്കിലും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. ഇവിടെ ഇന്ത്യയുടെ താത്പര്യം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കപ്പെടുത്താന്‍ പോകുന്നത് ചൈനയേയാണ്.
കടലിടുക്കില്‍ ഇന്ത്യന്‍ നാവികസേന സിംഗപ്പുര്‍, ഇന്തോനേഷ്യ എന്നിവരോടൊപ്പം മലേഷ്യയുമായും ചേര്‍ന്ന് പട്രോളിങ് നടത്തും. ഈ സഹകരണം മേഖലയിലെ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, മേഖലയിലെ ചൈനയുടെ ആധിപത്യത്തിന് ഇതൊരു വെല്ലുവിളിയാണ്.
നിര്‍ണായകമായ ഒരവസരത്തില്‍ യുഎസ് അല്ലെങ്കില്‍ ഇന്ത്യന്‍ നാവികസേനയുടെ ഒരു നാവിക ഉപരോധം ചൈനയുടെ യുദ്ധകാല സാമ്പത്തിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുണ്ടാക്കും. ചൈനയുടെ സമുദ്ര ഊര്‍ജ്ജ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും, ഏകദേശം പ്രതിവര്‍ഷം 3.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളവ, ഈ തന്ത്രപ്രധാനമായ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. മേഖലയിലെ ഇന്ത്യന്‍ നാവിക സേനയുടെ സാന്നിധ്യം ചൈനയ്ക്കുള്ള നിശബ്ദമായ മുന്നറിയിപ്പാണ്. എപ്പോള്‍ വേണമെങ്കിലും ഇവിടെ ഇന്ത്യ ഇടപെടുമെന്നുള്ള ശക്തമായ സന്ദേശം.
Content Highlights: India`s Malacca Strait Patrol: A Challenge to China?