'ഗാസയിലെ വംശഹത്യ ഉടന്‍ നിര്‍ത്തുക'; ഇടത് പാര്‍ട്ടികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

ഗാസയിലെ വംശഹത്യയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പങ്കെടുക്കുന്നു |ഫോട്ടോ:പി.ജി.ഉണ്ണികൃഷ്ണന്‍
ഗാസയിലെ വംശഹത്യയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പങ്കെടുക്കുന്നു |ഫോട്ടോ:പി.ജി.ഉണ്ണികൃഷ്ണന്‍

ന്യൂഡല്‍ഹി: പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. ഗാസയിലെ വംശഹത്യ ഉടന്‍ നിര്‍ത്തുക. ഇസ്രായേലുമായുള്ള എല്ലാത്തരം സൈനിക സഹകരണവും അവസാനിപ്പിക്കുക. വിമോചനത്തിനായുള്ള പലസ്തീന്‍ ജനതയുടെ ന്യായമായ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പരിപാടിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി അടക്കമുള്ളവര്‍ പങ്കെടുത്തു.

ഗാസയിലെ പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രയേല്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന യുദ്ധത്തെ ശക്തമായി അപലപിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.. ഇന്ത്യ ചരിത്രപരമായി പിന്തുണച്ചിട്ടുള്ള പാലസ്തീന്‍ വിഷയത്തില്‍ ഉറച്ചുനില്‍ക്കുന്നതിന് പകരം, ഇസ്രയേല്‍ അധിനിവേശകരോടുള്ള ഇരട്ടത്താപ്പും അനുനയവും നിറഞ്ഞ നിലപാടാണ് സ്വീകരിച്ചുവരുന്നത്. സാമ്രാജ്യത്വ വിരുദ്ധ ഐക്യദാര്‍ഢ്യത്തിലും ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണയിലും വേരൂന്നിയ ഇന്ത്യയുടെ ദീര്‍ഘകാലത്തെ വിദേശ നയത്തില്‍ നിന്നുള്ള നാണക്കേടുണ്ടാക്കുന്ന ഒരു വ്യതിചലനമാണിത്. തടവിലാക്കപ്പെട്ട എല്ലാ അന്താരാഷ്ട്ര സന്നദ്ധപ്രവര്‍ത്തകരെയും മോചിപ്പിക്കാനും, ഗാസയിലേക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തുന്നുവെന്ന് ഉറപ്പാക്കാനും, മനുഷ്യത്വരഹിതമായ ഉപരോധം ഉടനടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടാനും ഇടത് പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സി.പി.ഐ, സി.പി.എം,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം.എല്‍.), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (എ.ഐ.എഫ്.ബി.), ആര്‍.എസ്.പി.എന്നീ ഇടതുപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് ധര്‍ണ നടത്തിയത്.

Content Highlights: Left parties in India staged nationwide protests against Israel`s actions in Gaza