പോലീസിനെതിരെ പെപ്പര്‍ സ്‌പ്രേ, സമരത്തിന്റെ മറവില്‍ മാവോയിസ്റ്റുകളോ? ഡല്‍ഹിയില്‍ നടന്നതെന്ത്?

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റില്‍ നടന്ന വായു മലിനീകരണത്തിനെതിരായ പ്രതിഷേധം മാവോവാദി ബന്ധത്തിന്റെ പേരില്‍ വിവാദത്തില്‍. പ്രതിഷേധക്കാര്‍ മാവോവാദി നേതാവ് മാദ്വി ഹിദ്മയുടെ പ്ലക്കാര്‍ഡുകളുമായി എത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കോര്‍ഡിനേഷന്‍ ഫോര്‍ ക്ലീന്‍ എയര്‍ കമ്മിറ്റി എന്ന പേരിലാണ് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജെഎന്‍യുവിലും ഡല്‍ഹി സര്‍വകലാശാലയിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ സമരത്തില്‍ പ്രധാനമായും പങ്കെടുത്തത്. റോഡ് ഉപരോധിച്ചുകൊണ്ട് നടന്ന സമരത്തില്‍ മാവോവാദി നേതാവ് മാദ്വി ഹിദ്മയുടെ അടക്കം ചിത്രമുള്ള പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. അവര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
വായു മലിനീകരണത്തിന്റെ മറവില്‍ മാവോവാദി ആശയങ്ങള്‍ക്കും തീവ്ര കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും വഴിവെക്കുന്ന തരത്തിലേക്ക് പ്രതിഷേധങ്ങളെ മാറ്റുന്നുവെന്നാണ് വിമര്‍ശനം. ഇത്തരത്തില്‍ ചില 'ജെന്‍സി' പ്രക്ഷോഭങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടോ എന്ന സംശയമാണ് ബിജെപി ഉന്നയിക്കുന്നത്. സമരക്കാരെ ഒഴിപ്പിക്കാനെത്തിയ പോലീസിനെ ആക്രമിക്കുകയും പോലീസുദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച 15 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരില്‍ എഫ്‌ഐആര്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റ ഉദ്യോഗസ്ഥര്‍ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ അനുമതിയില്ലാതെ ഏകദേശം ഒരു മണിക്കൂറോളം ഇന്ത്യാ ഗേറ്റില്‍ റോഡിന് നടുവില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകള്‍ വീശുകയും ചെയ്തു. പോലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ മുളക് സ്‌പ്രേ പ്രയോഗിച്ച് അക്രമാസക്തരാവുകയും മൂന്നോ നാലോ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം.
പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടുന്നത് തുടരുന്നതിനിടെ, ഒരു കൂട്ടം ആളുകള്‍ 'മാദ്വി ഹിദ്മ അമര്‍ രഹേ' (മാദ്വി ഹിദ്മ നീണാള്‍ വാഴട്ടെ) എന്ന് മുദ്രാവാക്യം വിളിച്ചു. 'ബിര്‍സ മുണ്ട മുതല്‍ മാദ്വി ഹിദ്മ വരെ, നമ്മുടെ വനങ്ങളുടെയും പരിസ്ഥിതിയുടെയും പോരാട്ടം തുടരും' എന്ന് എഴുതിയ പോസ്റ്റര്‍ ഒരാള്‍ പിടിച്ചിരിക്കുന്നതും സമരത്തിന്റെ ദൃശ്യങ്ങളിലുണ്ട്.
ആരാണ് മാദ്വി ഹിദ്മ?
നവംബര്‍ 18-ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാദ്വി ഹിദ്മ കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ പേരില്‍ മാദ്വി ഹിദ്മയ്‌ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഒട്ടേറെ കേസുകളുണ്ട്. സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും നേരെ നടന്ന 26 സായുധ ആക്രമണങ്ങളുടെ പേരിലാണ് ഈ കേസുകള്‍. 76 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ 2010-ലെ ദന്തേവാഡ ആക്രമണം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ട 2013-ലെ ജിറാം ഘാട്ടി ആക്രമണം, 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2021-ലെ സുക്മ-ബിജാപൂര്‍ ആക്രമണം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
മാവോയിസ്റ്റ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രവും നായകനുമായി അറിയപ്പെടുന്ന മാദ്വി ഹിദ്മ, ഭാര്യ മദകം രാജെ എന്നിവരാണ് നവംബര്‍ 18-ലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് പോരാട്ട സേനയായ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ (സിഎംസി) തലവനായിരുന്നു. 44-കാരനായ മാദ്വി ഹിദ്മയുടെ തലയ്ക്ക് ഒരുകോടിയാണ് ഈനാം പ്രഖ്യാപിച്ചിരുന്നത്. അടുത്തിടെ അനുയായികളിലൊരാളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിദ്മയെ ലക്ഷ്യമിട്ടുള്ള നടപടി തുടങ്ങിയത്. ഛത്തീസ്ഗഡില്‍നിന്ന് പലായനം ചെയ്യുന്നതിനിടെ ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയിലുള്ള മരേഡുമില്ലി വനത്തില്‍വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
ഛത്തീസ്ഗഡിലെ പുര്‍വതിയില്‍ 1981-ല്‍ ഗോത്രവര്‍ഗ കുടുംബത്തില്‍ ജനിച്ച മാദ്വി ഹിദ്മ പത്താം ക്ളാസ് വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പിന്നീട് മാവോവാദി ആശയങ്ങളില്‍ ആകൃഷ്ടനായി. സിപിഐ മാവോയിസ്റ്റിന്റെ ഭാഗമായ ഹിദ്മ വളരെ വേഗം നേതൃത്വത്തിലെത്തി. കേന്ദ്രകമ്മിറ്റിയിലെത്തുന്ന ഏക ബസ്തര്‍ ഗോത്രക്കാരനായിരുന്നു ഇയാള്‍. പിന്നീട് സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ തലവനുമായി മാറി. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ഹിദ്മയോട് ആയുധം ഉപേക്ഷിച്ച് കീഴടങ്ങാന്‍ ഇയാളുടെ അമ്മ അഭ്യര്‍ത്ഥിച്ചിരുന്നു.
Content Highlights: Protest against Delhi air pollution at India Gate turns violent. Police injured by chili spray. Maoist leader Madvi Hidma slogans raised. 22 arrested.