രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ഐസിഎഫില്‍നിന്ന് കൈമാറി; അടുത്തമാസം മുതല്‍ സര്‍വീസ്

ചെന്നൈ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ തീവണ്ടി പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) നിന്ന് നോര്‍ത്തേണ്‍ റെയില്‍വേയ്ക്കു കൈമാറി. പരീക്ഷണ ഓട്ടങ്ങള്‍ക്കുശേഷം അടുത്തമാസം ഹരിയാണയിലെ സോനിപത്-ജിന്ദ് പാതയില്‍ ഇതിന്റെ സര്‍വീസ് തുടങ്ങുമെന്നാണ് കരുതുന്നത്.
ഭാരംകയറ്റിയുള്ള പരീക്ഷണവും പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കിയശേഷം ശനിയാഴ്ച പുലര്‍ച്ചെയാണ് കൈമാറിയത്. സോനിപത്-ജിന്ദ് പാതയിലാവും അടുത്ത പരീക്ഷണ ഓട്ടം. ഇവിടത്തെ പാതയും തീവണ്ടിയും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷമായിരിക്കും സര്‍വീസ് തുടങ്ങുക.
ടാങ്കില്‍ സംഭരിച്ച ഹൈഡ്രജന്‍, അന്തരീക്ഷ വായുവിലെ ഓക്‌സിജനുമായി ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് സംയോജിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് ഹൈഡ്രജന്‍ തീവണ്ടിയുടെ എന്‍ജിനെ ചലിപ്പിക്കുക. 118 കോടി രൂപ ചെലവില്‍ നിര്‍മിച്ച വണ്ടിയുടെ മുന്നിലും പിന്നിലും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഓരോ എന്‍ജിനുകളും നടുവില്‍ എട്ട് കോച്ചുകളുമാണുണ്ടാകുക.
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ തീവണ്ടി ഉടന്‍ പുറത്തിറങ്ങുമെന്നും റെയില്‍വേയുടെ ചരിത്രത്തില്‍ നിര്‍ണായക നാഴികക്കല്ലാണിതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ലോകത്ത് നാലുരാജ്യങ്ങള്‍മാത്രമാണ് ഹൈഡ്രജന്‍ തീവണ്ടി നിര്‍മിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും ചേരുമ്പോള്‍ ഉണ്ടാവുന്ന വെള്ളം മാത്രമാണ് പുറന്തള്ളുക എന്നതുകൊണ്ട് ഇതിന് മലിനീകരണം ഒട്ടുമുണ്ടാവില്ല. വിവിധ പൈതൃകപാതകളില്‍ 35 ഹൈഡ്രജന്‍ തീവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. അതില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്.
Content Highlights: India`s first hydrogen train, built by ICF Chennai, handed over to Northern Railway