എണ്ണവില 120 ഡോളറിലെത്തിയാൽ ഇന്ത്യയുടെ വളർച്ച ആറു ശതമാനത്തിലേക്കു താഴാമെന്ന് ഏണസ്റ്റ് ആൻഡ് യങ്

Representational Image | Canva.com
Representational Image | Canva.com

മുംബൈ: നടപ്പുസാമ്പത്തിക വർഷം ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ വില 120 ഡോളറിനുമുകളിൽ തുടരുന്ന സ്ഥിതിയുണ്ടായാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറു ശതമാനത്തിലേക്കു താഴ്ന്നേക്കാമെന്ന് റിസർച്ച് ഏജൻസിയായ ഏണസ്റ്റ് ആൻഡ് യങ്. ഇതുവഴി പണപ്പെരുപ്പം ഉയരുമെന്നും ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ ചീഫ് പോളിസി അഡ്വൈസർ ഡി.കെ. ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ധനക്കമ്മിയിൽ ഇതുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിന്, ഇന്ധനവിലയിലൂടെയുള്ള അധികച്ചെലവ് വിപണിയിലേക്ക് വലിയ അളവിൽ കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ഏപ്രിൽ-ജൂൺ കാലയളവിൽ ബ്രെന്റ് ക്രൂഡ് വില 115 ഡോളറിൽ തുടരാനാണ് സാധ്യതയെന്നാണ് യു.എസ്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ആഗോള എണ്ണവിതരണത്തെ അത് ഗുരുതരമായി ബാധിച്ചേക്കാം. നിലവിൽ പശ്ചിമേഷ്യൻ മേഖലയിൽനിന്നുള്ള എണ്ണനീക്കം വലിയ അളവിൽ തടസ്സപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ 20 ശതമാനം വരെ എണ്ണയാണ് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നത്. ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ശരാശരി വില മാർച്ചിൽ വീപ്പയ്ക്ക് 113.49 ഡോളറാണ്. ഏപ്രിലിത് 114.13 ഡോളറായി ഉയർന്നു. ഫെബ്രുവരിയിലിത് 69.01 ഡോളർ മാത്രമായിരുന്നു.

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനത്തിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ അനുമാനം. അതേസമയം, ഏഷ്യൻ ഡിവലപ്മെന്റ് ബാങ്കിന്റെ റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ചാ അനുമാനം മുമ്പു കണക്കാക്കിയിരുന്ന 6.9 ശതമാനത്തിൽനിന്ന് 6.6 ശതമാനമായി കുറച്ചിട്ടുണ്ട്.

Content Highlights: Crude oil prices above $120 could reduce India's GDP growth to 6%., West Asian conflict is disrupting global oil supply chains., Average cost of Indian crude imports rose from $69.01 in February to $114.13 in April., IMF and ADB have adjusted India's growth forecasts downward due to global volatility.