റഷ്യൻ ആശ്രിതത്വം കുറയ്ക്കണം, സഹകരണത്തിന് തയ്യാറെന്ന് ജർമനി; രാജ്യതാൽപര്യമാണ് പ്രധാനമെന്ന് ഇന്ത്യ

ന്യൂഡൽഹി: പ്രതിരോധസാമഗ്രികൾ എവിടെ നിന്ന് വാങ്ങണമെന്ന കാര്യത്തിൽ ഇന്ത്യയുടെ നയം ദേശീയതാൽപര്യം മുൻനിർത്തിയുള്ളതാണെന്നും അല്ലാതെ പ്രത്യയശാസ്ത്രപരമായ ഒന്നല്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജർമൻ ചാൻസലർ നടത്തിയ സുരക്ഷാനയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രതിരോധ-സുരക്ഷാ നയത്തിൽ ഇന്ത്യയോടുള്ള സമീപനത്തിലെ മാറ്റത്തെക്കുറിച്ചാണ് സൂചിപ്പിച്ചതെന്നാണ് താൻ കരുതുന്നതെന്ന് മിസ്റി പറഞ്ഞു. എങ്കിലും പ്രതിരോധവിഷയത്തിലുള്ള ഇന്ത്യയുടെ സമീപനം പൂർണമായും ദേശീയ താൽപര്യത്തിൽ ഊന്നിയുള്ളതാണെന്ന് മിസ്റി കൂട്ടിച്ചേർത്തു.
മുൻകാലത്ത് ഇന്ത്യയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നിരുന്ന അനുമതികൾ ഇപ്പോൾ വളരെ വേഗത്തിൽ അംഗീകരിക്കപ്പെടുന്നുവെന്ന കാര്യം മിസ്റി ചൂണ്ടിക്കാട്ടി. ജർമനിയുമായുള്ള അന്തർവാഹിനി നിർമാണ പങ്കാളിത്തം നടപ്പിലാകുമെന്ന സൂചനയും മിസ്റി നൽകി. ഇത്തരം കരാറുകളിൽ സാങ്കേതിക, സാമ്പത്തിക, വാണിജ്യ ചർച്ചകൾ ഉൾപ്പെടുന്നുവെന്നും ഈ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫ്രെഡറിക് മെർസ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ സാമഗ്രികളുടെ ലഭ്യതയ്ക്കായി റഷ്യയുടെ മേലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുന്നതിനായി സുരക്ഷാകാര്യങ്ങളിൽ കൂടുതൽ സഹകരിക്കാൻ ജർമ്മനി ആഗ്രഹിക്കുന്നുവെന്ന് മെർസ് പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു. ജർമൻ കമ്പനിയായ തിസ്സെൻക്രൂപ്പ് മെറൈൻ സിസ്റ്റംസും ഇന്ത്യയുടെ മാസ്ഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്സും തമ്മിലുള്ള പങ്കാളിത്തത്തിൽ ആറ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയുടെ പക്കൽ നിന്നാണ് വാങ്ങുന്നത്. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന തൂണാണ് പ്രതിരോധ സഹകരണം. നിലവിൽ, ഇരുരാജ്യങ്ങളും ഒപ്പിട്ട സൈനിക സാങ്കേതിക സഹകരണ പരിപാടിയുടെ കരാർ ഇതിന് മാർഗനിർദ്ദേശം നൽകുന്നു. ഇരുപക്ഷവും സൈനിക ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകളും സൈനിക അഭ്യാസങ്ങളും നടത്താറുണ്ട്. സൈനിക സാങ്കേതിക സഹകരണത്തിലെ പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഘടനാപരമായ സംവിധാനവും ഇന്ത്യയും റഷ്യയും തമ്മിലുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന റഷ്യൻ നിർമിത പ്രതിരോധ സാമഗ്രികളിൽ ടി-90 മെയിൻ ബാറ്റിൽ ടാങ്കുകൾ, സുഖോയ്-30എംകെഐ, മിഗ്-29കെ എന്നിവ ഉൾപ്പെടുന്നു.
വർഷങ്ങളായി, സൈനിക സാങ്കേതിക മേഖലയിലെ സഹകരണം ഒരു സാധാരണ വാങ്ങൽ-വിൽപനക്കാരൻ എന്ന ബന്ധത്തിൽ നിന്ന് നൂതനമായ സൈനിക സംവിധാനങ്ങളുടെ സംയുക്ത ഗവേഷണം, രൂപകൽപന, വികസനം, ഉത്പാദനം എന്നിവിടങ്ങളിലേക്ക് വികസിച്ചു. ബ്രഹ്മോസ് ക്രൂസ് മിസൈൽ ഇതിന് ഉദാഹരണമാണ്. ഇന്തോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം ഇന്ത്യയിൽ എകെ-203 അസോൾട്ട് റൈഫിളുകൾ നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്.
Content Highlights: India prioritizes national interest in defense procurement, not ideology. Explore evolving partnerships & strategic autonomy.