പാകിസ്താന് പകരം ചൈനവഴി ബദൽപാത; ദൂരവും ചെലവും ലാഭിക്കാൻ ഇന്ത്യയുടെ നീക്കം; ചർച്ച നടക്കുന്നെന്ന് കേന്ദ്രം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്.
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്.

ന്യൂഡൽഹി: പാകിസ്താൻ വ്യോമപാത തുടർച്ചയായി അടച്ചിട്ടിരിക്കുന്നത് മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാൻ ബദൽ സാധ്യതകൾ തേടി ഇന്ത്യ. ഇന്ത്യൻ വിമാന സർവീസുകൾക്കായി ചൈനയുടെ സിൻജിയാങ് വഴിയുള്ള ബദൽ വ്യോമപാത ഉപയോഗിക്കാൻ ചൈനയുമായി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

പാകിസ്താൻ വ്യോമപാത അടച്ചിട്ടിരിക്കുന്നതുമൂലമുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ചൈനയുടെ സിൻജിയാങ് പ്രദേശത്തിന് മുകളിലൂടെയുള്ള ബദൽ വ്യോമപാതയെക്കുറിച്ച് ഇന്ത്യ ആലോചിച്ചുവരികയാണെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തെയും തുടർന്നുണ്ടായ സൈനിക സംഘർഷങ്ങളെയും തുടർന്ന് 2025 ഏപ്രിൽ മുതലാണ് പാക് വ്യോമപാത ഇന്ത്യയ്ക്കായി അടച്ചത്. രണ്ടാഴ്ച മുൻപ് ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാകിസ്താൻ ഒരു മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. ഇതോടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനങ്ങൾ അറബിക്കടൽ വഴി മസ്കറ്റിലേക്ക് വഴിതിരിച്ചുവിടേണ്ടിവന്നു. ഇതുമൂലം വിമാനങ്ങളുടെ യാത്രാസമയത്തിൽ 45 മിനിറ്റ് മുതൽ രണ്ടു മണിക്കൂർവരെ വർധനയുണ്ടായിട്ടുണ്ട്. ഇത് വിവിധ സർവീസുകളുടെ പ്രവർത്തനച്ചെലവും ഇന്ധന ഉപഭോഗവും വർധിപ്പിക്കുന്നതിന് കാരണമായി.

തെക്കുപടിഞ്ഞാറൻ സിൻജിയാങ്ങിലെ ഹോട്ടാന് മുകളിലൂടെയുള്ള പുതിയ വ്യോമപാത യാഥാർഥ്യമായാൽ യാത്രാദൂരം ഗണ്യമായി കുറയ്ക്കാനാകുമെന്ന് മന്ത്രി നായിഡു വ്യക്തമാക്കി. ‘ബദൽ മാർഗങ്ങൾ തേടുകയാണ്. ഹോട്ടാൻ പാതയെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്’, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നായിഡു പറഞ്ഞു.

ഈ ചർച്ചകൾ വിജയകരമാവുകയാണെങ്കിൽ, ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും പുറപ്പെടുന്ന വിമാനങ്ങൾക്ക് ലേ വഴി പറന്ന് ഹോട്ടാന് സമീപം ചൈനീസ് വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കാം. തുടർന്ന് കിർഗിസ്താനിലേക്ക് തിരിഞ്ഞ് യൂറോപ്പ്, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള നിലവിലുള്ള പാതകളിലേക്ക് പ്രവേശിക്കാൻ സാധിക്കും.