‘കുറ്റവാളികളെ വെറുതേവിടരുത്’; ബംഗ്ലാദേശിലെ ഹിന്ദുയുവാക്കളുടെ കൊലപാതകത്തിൽ രൂക്ഷപ്രതികരണവുമായി ഇന്ത്യ

#ന്യൂസ് ഡെസ്ക്
Randhir Jaiswal|photo:PTI
Randhir Jaiswal|photo:PTI

ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളെ ഖേദകരമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഇത്തരം അക്രമങ്ങൾ അവഗണിക്കാനാവില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് രൂക്ഷമായ പ്രതികരണം നടത്തിയത്. ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഷയം ഇന്ത്യ ഗൗരവായിത്തന്നെ പരിഗണിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളെ പുറന്തള്ളാൻ കഴിയില്ല. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിരന്തര ക്രൂരത വലിയ ആശങ്കയുളവാക്കുന്നതാണ്. ഹിന്ദു യുവാക്കളുടെ കൊലപാതകത്തിൽ അപലപിക്കുന്നു. കുറ്റകൃത്യം ചെയ്തവരെ നീതിക്കുമുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ബുധനാഴ്ച രാജ്‌ബോരി ടൗണിലെ പംഗ്ഷാ ഉപസില്ലയിലാണ് അമിത് മൊണ്ഡൽ എന്ന യുവാവിനെ തല്ലിക്കൊന്നത്. പണം ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടർന്ന് പ്രദേശവാസികൾ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. മൊണ്ഡൽ ഒരു ക്രിമിനൽ സംഘത്തിന്റെ തലവനും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നയാളുമായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. സംഭവദിവസം ഇയാളും കൂട്ടരും ചേർന്ന് ഒരാളുടെ വീട്ടിൽനിന്ന് പണംതട്ടാൻ ശ്രമിച്ചതായി ആരോപണമുണ്ട്. ഇതേത്തുടർന്ന് നാട്ടുകാർ മൊണ്ഡലിനെ തടയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി രണ്ടുമണിയോടെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Content Highlights: India's Strong Reaction to Targeted Killings of Hindus in Bangladesh