യുദ്ധഭീതി; ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണം- നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാൻ- യുഎസ് യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്രസർക്കാർ. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സർക്കാർ നിർദേശിച്ചു. നേരത്തെ ജനുവരിയിൽ ഇറാൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിച്ചപ്പോഴും ഇന്ത്യ സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യം വിടാൻ തയ്യാറെടുക്കുന്നവർ തങ്ങളുടെ പാസ്പോർട്ട്, ഐഡന്റിറ്റി കാർഡുകൾ തുടങ്ങിയ യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണമെന്ന് എംബസി നിർദ്ദേശിച്ചു. പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾക്കായി ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്:
+989128109115
+989128109109
+989128109102
+989932179359
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും https://www.meaers.com/request/home എന്ന ലിങ്ക് വഴി എംബസിയിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാർ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തണമെന്നും പ്രാദേശിക മാധ്യമങ്ങളിലൂടെയുള്ള വാർത്തകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സൈനിക നീക്കങ്ങൾക്കുള്ള സാധ്യതകൾ ഗൗരവകരമായി കണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
Content Highlights: India urges its citizens in Iran to leave due to escalating Iran-US war fears. Indian Embassy issues high alert, advising caution and registration.