സൈന്യം 150 കി.മി പിന്മാറിയാലും തിരിച്ചെത്താന്‍ വെറും 3 മണിക്കൂര്‍ മതി; ചൈനയെ വിശ്വസിക്കാതെ ഇന്ത്യ

ചൈനയുമായി സംഘര്‍ഷമുണ്ടായ ലഡാക്കില്‍ കരസേനയെ വിന്യസിച്ചപ്പോള്‍ | AFP
ചൈനയുമായി സംഘര്‍ഷമുണ്ടായ ലഡാക്കില്‍ കരസേനയെ വിന്യസിച്ചപ്പോള്‍ | AFP

ന്യൂഡല്‍ഹി: ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ശുഭോദര്‍ക്കമായ പുരോഗതിയുണ്ടെങ്കിലും ജാഗ്രത തുടരാന്‍ സൈന്യം. കിഴക്കന്‍ ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖ ( എല്‍എസി)യിലുടനീളം ചൈന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ മൂന്നുമണിക്കൂറിനുള്ളില്‍ വന്‍തോതില്‍ സേനാവിന്യാസം നടത്താന്‍ ചൈനയ്ക്ക് സാധിക്കുമെന്നതിനാലാണ് സൈന്യം ജാഗ്രത തുടരാന്‍ തീരുമാനിച്ചത്.

എല്‍എസിയിലുടനീളം ചൈന റോഡുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയ്ക്ക് പുറമെ സൈനികര്‍ക്ക് വന്‍തോതില്‍ തങ്ങാനുള്ള താമസകേന്ദ്രങ്ങള്‍ വരെ ചൈന സജ്ജമാക്കിയിട്ടുണ്ട്. അതിനാല്‍ നിലവിലെ തീരുമാനപ്രകാരം 150 കിലോമീറ്റര്‍ അകലേക്ക്‌ സൈനികരെ പിന്‍വലിച്ചാലും ചൈനയ്ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ അതേസ്ഥാനത്തേക്ക്‌ തിരിച്ചെത്തിക്കാനാകും. ഈ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് സൈന്യം ജാഗ്രത തുടരാന്‍ തീരുമാനിച്ചത്.

നിയന്ത്രണരേഖയ്ക്കിപ്പുറം ഇന്ത്യയ്ക്ക് സൈന്യത്തെ എത്തിക്കാന്‍ ഇപ്പോഴും പ്രതിസന്ധികളുണ്ട്. ചൈനയുടെ ഭാഗത്ത് കൂടുതലും സമനിരപ്പായ പ്രദേശങ്ങളാണെന്നതും അവര്‍ക്ക് കൂടുതല്‍ പ്രയോജനകരമാണ്. എന്നാല്‍ ഇന്ത്യയ്ക്ക് നിയന്ത്രണരേഖയ്ക്ക് സമീപം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെങ്കില്‍ നിരവധി ഭൗമസാഹചര്യങ്ങളുള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടക്കണം. അതിനാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അടിസ്ഥാന സൗകര്യവികസനം മെല്ലെയാണ് പുരോഗമിക്കുന്നത്. 

ഇത് പൂര്‍ത്തിയാകുന്നത് വരെ ജാഗ്രത തുടരേണ്ടതുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. 2020 ജൂണിലെ  ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം നാലുവര്‍ഷത്തോളം നീണ്ട സൈനിക വിന്യാസങ്ങള്‍ പിന്‍വലിച്ച് തുടങ്ങിയെങ്കിലും ചൈനയെ തത്കാലം പൂര്‍ണമായി വിശ്വസിക്കാന്‍ സൈന്യം തയ്യാറല്ല. 

നിലവില്‍ 100 കിലോമീറ്റര്‍ ദൂരത്തേക്ക് ചൈനീസ് സൈന്യം പിന്മാറിയിട്ടുണ്ട്. ഇന്ത്യയും വന്‍തോതിലുള്ള സേനാവിന്യാസം കുറച്ചുതുടങ്ങി. ഇപ്പോഴും ചില മേഖലകളില്‍ സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയുണ്ട്. ചൈനയുടെ ഭാഗത്ത് 45,000 മുതല്‍ 50,000 വരെ സൈനികര്‍ എല്‍എസിയുടെ സമീപത്തായുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കുകള്‍, പീരങ്കികള്‍, കവചിത വാഹനങ്ങള്‍, ഭൂതല-വ്യോമ മിസൈലുകള്‍ എന്നിവയുമായാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.
 

Content Highlights: India-China Border: Army Remains Vigilant Despite Progress