‘അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കൂട്ടരുത്’; വിമാനയാത്രാ നിരക്കിന് പരിധിനിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: വിമാനയാത്രാനിരക്കിൽ പരിധി നിർണയിച്ച് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ വിമാന കമ്പനികൾ ഈടാക്കുന്ന അതിഭീമമായ നിരക്കുകൾക്കെതിരെ ഉയർന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതിൻ്റെ ഭാഗമായി, മന്ത്രാലയം എല്ലാ വിമാനക്കമ്പനികൾക്കും യാത്രാനിരക്കിന് പരിധി (ഫെയർ ക്യാപ്) നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. പരിധി എത്രയാണ് നിശ്ചയിച്ചിരിക്കുന്നത് എന്നതിനെ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.
നിലവിലെ പ്രതിസന്ധി മറികടക്കുന്നതുവരെ ഈ നിയന്ത്രണം നിലനിൽക്കുമെന്നും ഈ സാഹചര്യം മുതലെടുത്ത് യാത്രക്കാരെ ചൂഷണംചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അനിയന്ത്രിതമായ നിരക്കുവർധന കാരണം മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, രോഗികൾ തുടങ്ങിയവർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന ചട്ടം ഡിസംബർ ഒന്നുമുതൽ നടപ്പാക്കിയതാണ് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായത്. രാജ്യത്തെ 62 ശതമാനം ആഭ്യന്തരസർവീസും കൈകാര്യംചെയ്തിരുന്ന ഇൻഡിഗോയിൽ ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് മറ്റു വിമാനക്കമ്പനികൾ യാത്രാനിരക്ക് കുത്തനെ കൂട്ടിയിരുന്നു. എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് അറുപതിനായിരം രൂപയായും എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് അരലക്ഷമായും ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്.
Content Highlights: India`s Civil Aviation Ministry sets fare caps on flights to curb exorbitant prices. Airlines like Air India, IndiGo face new regulations.