മഹാറാലിയായി ഇന്ത്യസഖ്യം രാംലീല മൈതാനത്തേക്ക്; രാഹുലിനൊപ്പം അഖിലേഷ്, മമത, എംഎ ബേബി; 4 ബസുകളിൽ എംപിമാർ

#ന്യൂസ് ഡെസ്ക്
Photo: Screengrab/ X
Photo: Screengrab/ X

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജനസാഗരമാക്കി 'ഇന്ത്യ' സഖ്യത്തിന്റെ 'ചലോ ദില്ലി' മഹാറാലി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽനിന്ന് തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധിയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിലാണ് കൊണാട്ട് പ്ലേസിലേക്ക് മാർച്ച് ആരംഭിച്ചത്.

കൊണാട്ട് പ്ലേസിൽനിന്ന് വൻ ജനപങ്കാളിത്തത്തോടെയുള്ള മഹാറാലിയായി രാംലീല മൈതാനത്തേക്ക് നീങ്ങാനാണ് സഖ്യത്തിന്റെ തീരുമാനം. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ജനസഞ്ചയമാണ് റാലിയിൽ പങ്കെടുക്കാനായി രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.

രാഹുൽ ഗാന്ധിയാണ് മാർച്ച് നയിക്കുന്നത്. പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനർജി, തേജസ്വി യാദവ്, ഡി. രാജ, എം.എ. ബേബി, ഫറൂഖ് അബ്ദുള്ള, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, മെഹബൂബ മുഫ്തി, അഭിഷേക് ബാനർജി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രാഹുലിനൊപ്പം റാലിയിൽ ഉണ്ട്.

നാല് ബസുകളിലായി എം.പി.മാരും രാഹുലിനൊപ്പമുണ്ട്. മഹാറാലിക്ക് പിന്തുണയുമായി സന്യാസികളും രംഗത്തെത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ബാബയുടെ നേതൃത്വത്തിലുള്ള സന്യാസിമാരും രാംലീല മൈതാനിയിൽ എത്തിയിട്ടുണ്ട്. രാവിലെത്തന്നെ രാംലീല മൈതാനിയിൽ ജനങ്ങൾ എത്തി തമ്പടിച്ചിരുന്നു. 12 മണിയോടെയാണ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും ഖാർഗെയുടെ വസതിയിൽനിന്ന് കോണാട്ട് പ്ലേസിലേക്ക് നീങ്ങിയത്.

അതേസമയം, കോണാട്ട് പ്ലേസിലെയും പരിസരപ്രദേശങ്ങളിലെയും കടകൾ ബിജെപി ബലമായി അടപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി രംഗത്തെത്തി. റാലിയിൽ പങ്കെടുക്കാൻ എത്തുന്നവരോട് ഡൽഹിയിൽനിന്ന് സാധനങ്ങൾ വാങ്ങാനും ഷോപ്പിങ് നടത്താനും തങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും, മാർച്ച് കടന്നുപോകുന്ന കൊണാട്ട് പ്ലേസിലെ മുഴുവൻ കടകളും ബിജെപി നിർബന്ധപൂർവ്വം അടപ്പിച്ചതായി രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

"മാർച്ചിലും മെഗാ റാലിയിലും പങ്കെടുക്കാൻ വരുമ്പോൾ സാധനങ്ങൾ വാങ്ങണമെന്നും ഷോപ്പിങ് നടത്തണമെന്നും ഞങ്ങൾ എല്ലാവരോടും പറഞ്ഞിരുന്നു. എന്നാൽ, കൊണാട്ട് പ്ലേസിലേക്ക് എത്തിയപ്പോഴാണ് ബിജെപി അവിടെയുള്ള എല്ലാ കടകളും ബലമായി അടപ്പിച്ചു എന്ന കാര്യം ഞങ്ങൾ അറിയുന്നത്. വ്യാപാരികൾക്ക് നഷ്ടം വരുത്തിവെക്കുന്നത് ആരാണെന്നും അത് എങ്ങനെയെന്ന് നിങ്ങൾ മനസ്സിലാക്കണം!", രാഹുൽ എക്സിൽ കുറിച്ചു.

കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. അഞ്ച് മണിവരെയാണ് റാലിക്ക് അനുമതി നൽകിയിരിക്കുന്നത്. അതിനകം പരിപാടി അവസാനിപ്പിച്ച് മടങ്ങണമെന്നാണ് നിർദേശം.

Content Highlights: INDIA bloc organizes a massive Chalo Delhi mega rally at Ramlila Maidan., Led by Rahul Gandhi, accompanied by prominent opposition leaders including Akhilesh Yadav and Mallikarjun Kharge., Heavy security deployment with around 10,000 police personnel in the national capital., Permission granted for the rally until 5 PM.