എഥനോൾ ചേർന്ന പെട്രോളിനു പിന്നാലെ ബയോഡീസലും വരുന്നു; ചേർക്കുന്നത് ഐസോബ്യൂട്ടനോൾ

#ന്യൂസ് ഡെസ്ക്

മുംബൈ: ഇരുപത് ശതമാനം എഥനോൾ ചേർന്ന പെട്രോൾ രാജ്യവ്യാപകമായി ലഭ്യമാക്കിയതിനു പിന്നാലെ ബയോഡീസൽ അവതരിപ്പിക്കാൻ നടപടികളുമായി സർക്കാർ. ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർക്കുന്നതിനാണ് പദ്ധതി. ഈ വർഷം അവസാനത്തോടെ ഇതു നടപ്പാക്കാനാണ് ആലോചന.

രാജ്യത്തെ വാണിജ്യ വാഹന വ്യവസായത്തിൽ വലിയമാറ്റം കൊണ്ടുവരുന്നതാകും പുതിയ നീക്കം. നിലവിൽ ബദൽ ഇന്ധനത്തിലേക്കുമാറാൻ നീക്കം നടക്കുന്നുണ്ടെങ്കിലും വാണിജ്യവാഹനങ്ങൾ കൂടുതലും ഡീസലിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ടാറ്റ മോട്ടോഴ്സ് രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർന്ന ഡീസൽ ഉപയോഗിച്ചുള്ള വാഹനത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങാനിരിക്കുകയാണ്. പൊതുമേഖല എണ്ണവിതരണക്കമ്പനിയായ എച്ച്.പി.സി.എലുമായി ചേർന്നാണ് ഇതു നടപ്പാക്കുകയെന്ന് ടാറ്റ മോട്ടോഴ്സ് സി.ഇ.ഒ. ഗിരീഷ് വാഘ് വ്യക്തമാക്കി. ജൂലായ്-സെപ്റ്റംബർ കാലയളവിൽ പരീക്ഷണത്തിനു തുടക്കമാകും.

ധാന്യങ്ങളുടെ ഫെർമന്റേഷൻ പ്രക്രിയയിൽ ലഭിക്കുന്ന ആൽക്കഹോളിക് ഉപോത്പന്നമാണ് ഐസോബ്യൂട്ടനോൾ. ഡീസലിന്റെ ജ്വലനം ശക്തിപ്പെടുത്താനും മലിനവസ്തുക്കളുടെ ബഹിർഗമനം കുറയ്ക്കാനും ഇതു സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. വാഹനങ്ങളുടെ എൻജിനിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെതന്നെ ഉപയോഗിക്കാനാകും.

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാൻ ഇതുപകരിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർത്ത് ഉപയോഗിക്കുന്നത് പരിഗണിക്കുന്നതായും ഈ വർഷം അവസാനത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത സെക്രട്ടറി വി. ഉമാശങ്കർ നേരത്തേ സൂചന നൽകിയിരുന്നു.

രാജ്യത്ത് പെട്രോളിന്റെ ഇരട്ടിയോളമാണ് ഡീസൽ ഉപയോഗം. അതുകൊണ്ടുതന്നെ ഡീസലിൽ എന്തെങ്കിലും ചെറിയ അളവിൽ ചേർക്കുന്നതുപോലും രാജ്യത്തെ ഊർജസുരക്ഷയിൽ കൂടുതൽ ചലനങ്ങളുണ്ടാക്കും. രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർക്കുന്നത് വാഹനത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കില്ലെന്ന് ഗിരീഷ് വാഘ് പറയുന്നു.

അതേസമയം, ഐസോബ്യൂട്ടനോളിന്റെ കലോറിക മൂല്യം (ഊർജനില) ഡീസലിനെക്കാൾ കുറവാണ്. അതുകൊണ്ടുതന്നെ പ്രവർത്തനക്ഷമതയിൽ ചെറിയ അളവിൽ കുറവുണ്ടാകാം. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള അനുപാതത്തിൽ പ്രവർത്തനക്ഷമതയിൽ വലിയ മാറ്റത്തിനു സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.

ആഗോളതലത്തിൽ ഐസോബ്യൂട്ടനോൾ വാഹന ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിൽ പെട്രോളിനൊപ്പം ഇതു ചേർത്തുവരുന്നു. ചില രാജ്യങ്ങളിൽ ഡീസലിനൊപ്പം ചേർത്തുള്ള പരീക്ഷണം നടന്നുവരുന്നുണ്ട്. എന്നാൽ വലിയ അളവിൽ ഡീസലിൽ ചേർക്കുന്ന പദ്ധതികൾ നിലവിലില്ലെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: Government plans to introduce isobutanol-blended biodiesel by the end of 2026. Tata Motors to begin testing 2% isobutanol-blended diesel with HPCL. Isobutanol improves combustion and reduces emissions without major engine modifications. Initiative aims to reduce reliance on fossil fuels and enhance national energy security.