‘പത്തുമിനിറ്റിൽ ഡെലിവറി’; അവകാശവാദം ഒഴിവാക്കാൻ ക്വിക് കൊമേഴ്സ് കമ്പനികളോട് കേന്ദ്രം

മുംബൈ: പത്തുമിനിറ്റുകൊണ്ട് ഓൺലൈൻ ഡെലിവറി അവകാശപ്പെടുന്ന ക്വിക് കൊമേഴ്സ്, ഭക്ഷണവിതരണ ആപ്പുകളുടെ വിപണനരീതി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ. പ്രധാന ഭക്ഷണവിതരണ, ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര തൊഴിൽമന്ത്രാലയം ഇതുസംബന്ധിച്ച് നിർദേശംനൽകി. പത്തുമിനിറ്റുകൊണ്ട് ഡെലിവറി നൽകുമെന്ന വാഗ്ദാനം വിതരണക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വേഗത്തെക്കാൾ വിതരണക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, സൊമൊറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി ചർച്ചനടത്തിയശേഷമാണ് വിതരണത്തിന് ചുരുങ്ങിയ സമയക്രമം നിശ്ചയിച്ചുള്ള വാഗ്ദാനങ്ങൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണ ടാഗ്‌ലൈനുകൾ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർനിർദേശത്തിനുപിന്നാലെ ബ്ലിങ്കിറ്റ് ‘പത്തുമിനിറ്റിൽ ഡെലിവറി’ എന്ന അവകാശവാദം ബ്രാൻഡ് പ്ലാറ്റ്ഫോമിൽനിന്ന് നീക്കി. ബ്രാൻഡ് പരസ്യങ്ങളിലും സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിലുള്ള വാഗ്ദാനം പൂർണമായി ഒഴിവാക്കുമെന്ന് കമ്പനികൾ അറിയിച്ചു.
കരാർത്തൊഴിലാളികളുടെ തൊഴിൽസാഹചര്യം മെച്ചപ്പെടുത്തും
കേന്ദ്രസർക്കാർ നടപടി ഓൺലൈൻ വിതരണമേഖലയിൽ പ്രവർത്തിക്കുന്ന ഗിഗ് വർക്കേഴ്സ് എന്നുവിളിക്കപ്പെടുന്ന, കരാർത്തൊഴിലാളികളുടെ തൊഴിൽസാഹചര്യം മെച്ചപ്പെടുത്തും. നിലവിൽ തീരേ ചെറിയ സമയക്രമം പാലിക്കുന്നതിനുള്ള ഇവരുടെ ശ്രമം കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. പല നഗരങ്ങളിലെയും തിരക്കേറിയ റോഡുകളും ഈ സമയക്രമം പാലിക്കുന്നതിൽ തടസ്സമാകാറുണ്ട്.
ഗിഗ് വർക്കേഴ്സിന്റെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് നടപടി ഉപകരിക്കുമെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ഛദ്ദ എക്സിൽ പ്രതികരിച്ചു. ഇത്തരം ഇടപെടൽ കരാർ ജീവനക്കാരുടെ സമ്മർദം കുറയ്ക്കുന്നതിന് അനിവാര്യമാണ്. ഈ സമ്മർദം വലിയ അപകടമുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗിഗ് വർക്കർമാരോട് അനുഭാവം പ്രകടിപ്പിച്ച് ഡൽഹിയിലെ നഗരത്തിരക്കിൽ ഗിഗ് വർക്കറുടെ യൂണിഫോം അണിഞ്ഞ് ഇരുചക്രവാഹനത്തിൽ യാത്രചെയ്ത് അവരുടെ പ്രയാസങ്ങൾ തുറന്നുകാട്ടുന്ന വീഡിയോ അദ്ദേഹം സാമൂഹികമാധ്യമംവഴി പുറത്തുവിട്ടിരുന്നു.
ന്യായമായ വേതനവും ഭേദപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് ഗിഗ് വർക്കർമാർ പുതുവത്സരദിനത്തിൽ പ്രതീകാത്മകസമരം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർതലത്തിൽ നടപടിയുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് നഗരകേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയിലും തൊഴിൽശക്തിയിലും ഗിഗ് വർക്കേഴ്സ് നിർണായകശക്തിയായി മാറിയിട്ടുണ്ട്.
Content Highlights: No More 10-Minute Delivery? Center Orders Quick Commerce Apps to Prioritize Delivery Partner Safety