സ്വാതന്ത്ര്യദിനത്തില്‍ എസ്.പി പറത്തിയ പ്രാവ് നിലത്തുവീണു, ട്രോൾ പൂരം; അന്വേഷിക്കാൻ ഉത്തരവ്‌ | വീഡിയോ

എസ്പി സ്വതന്ത്രമാക്കിയ പ്രാവ് പറന്നുയരാതെ നിലത്തുവീഴുന്നു | Photo: Screengrab 'X' @ag_Journalist
എസ്പി സ്വതന്ത്രമാക്കിയ പ്രാവ് പറന്നുയരാതെ നിലത്തുവീഴുന്നു | Photo: Screengrab 'X' @ag_Journalist

റായ്പുർ: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പ്രാവിനെ പറത്തുന്നത് പതിവാണ്. എന്നാൽ, വിശിഷ്ടാതിഥികൾ മുകളിലേയ്ക്കെറിയുന്ന പ്രാവ് പറന്നുപൊങ്ങാതെ നിലത്തുവീഴുന്ന സംഭവങ്ങളും ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. അത് പലപ്പോഴും ട്രോളുകൾക്ക് ഇടയാക്കാറുമുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഛത്തീസ്ഗഡിലെ മുംഗേലിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോ. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്വതന്ത്രമാക്കിയ പ്രാവ് പറന്നുയരാതെ നിലത്തുവീഴുന്നതാണ് വീഡിയോയിലുള്ളത്. 

പ്രാദേശിക ഭരണകൂടം സംഘടിപ്പിച്ച ചടങ്ങിൽ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പുന്നൂലാൽ മൊഹ്ലെ, മുംഗേലി കളക്ടർ രാഹുൽ ദിയോ, പോലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജയ്‌സ്വാൾ എന്നിവർ പങ്കെടുത്തിരുന്നു. മൂന്ന് അതിഥികൾക്കും പ്രാവുകളെ നൽകി. എം.എൽ.എ.യും കളക്ടറും മുകളിലേയ്ക്കെറിഞ്ഞ പ്രാവുകൾ പറന്നുയർന്നെങ്കിലും എസ്പിയുടെ പ്രാവ് പറക്കാതെ നേരെ താഴേക്ക് വീഴുകയായിരുന്നു. സംഘാടകർ വേഗത്തിൽ മറ്റൊരു പ്രാവിനെ കൊണ്ടുവരുകയും എസ്പി അതിനെ പറപ്പിക്കുകയും ചെയ്തു.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും നിരവധി ട്രോൾ മീമുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 'പഞ്ചായത്ത്' എന്ന വെബ്സീരിസിൽ എംഎൽഎ പറത്തിവിടുന്ന പ്രാവ് നിലംപതിക്കുന്ന ദൃശ്യം ഉപയോ​ഗിച്ചാണ് പരിഹാസം.

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ജില്ലാ കളക്ടർക്ക് കത്തയച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രാവിന് അസുഖം ബാധിച്ചിരുന്നതായി കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Content Highlights: Independence Day Pigeon Release Flop video