പളനിസാമിക്ക് തിരിച്ചടി; പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയിലെ അധികാരതര്‍ക്കത്തില്‍ എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു. മുന്‍മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്ററമായിരുന്ന ഒ.പനീർശെൽവത്തെ പുറത്താക്കിയ എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ല. പാര്‍ട്ടിയില്‍ തല്‍സ്ഥിതി തുടരാനും എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടും നടത്താനും കോടതി വിധിച്ചു.
എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും റദ്ദാക്കുകയും പാര്‍ട്ടിയില്‍ ജൂണ് 23-ന് മുന്‍പുള്ള സ്ഥിതി തുടരണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇതോടെ ഒ.പനീർശെൽവം പാര്‍ട്ടി കോര്‍ഡിനേറ്ററായും എടപ്പാടി പളനിസ്വാമി പാര്‍ട്ടിയുടെ ഡെപ്യൂട്ടി കോര്‍ഡിനേറ്ററായും തുടരും. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ജയചന്ദ്രന്റേതാണ് വിധി.
പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പാര്‍ട്ടി കോര്‍ഡിനേറ്റര്‍ക്കും ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ക്കും മാത്രമാണ് ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാനുള്ള അനുമതിയെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തന്നെ പുറത്താക്കിയത് ചോദ്യം ചെയ്തുള്ള പനീർശെൽത്തിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
Content Highlights: In AIADMK Power Tussle, A Huge Court Setback For E Palaniswami