ഇമ്രാൻ ഖാന് നവംബർ രണ്ടുവരെ ഇന്ത്യയിൽ തുടരാമെന്ന് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തേത്തുടർന്ന് ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ എടുത്തപ്പോൾ (ഫയൽ ചിത്രം) | Photo: PTI
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തേത്തുടർന്ന് ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ എടുത്തപ്പോൾ (ഫയൽ ചിത്രം) | Photo: PTI

മുംബൈ: ഒക്ടോബർ 28-നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നവംബർ രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയിലേക്ക് മാറ്റി. കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. എഫ്.ആർ.ആർ.ഒ അനുവദിച്ച സമയപരിധി അവസാനിക്കാൻ ഒരു ദിവസംമാത്രം ബാക്കിനിൽക്കെയാണ് കോടതിയുടെ ഈ ഇടപെടൽ.

യു.എസ് പൗരനും 'ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ' (ഒ.സി.ഐ) കാർഡുടമയുമായ നടൻ, തനിക്കെതിരെയുള്ള നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയിലെ വാദം കേൾക്കൽ നവംബർ രണ്ട്, തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) അനിൽ സിങ് ബെഞ്ചിനോട് അഭ്യർത്ഥിച്ചു. അതുവരെ ഇമ്രാൻ ഖാനെതിരെ ഉടനടി നടപടികളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കോടതിക്ക് ഉറപ്പുനൽകി.

എന്നാൽ, എഫ്.ആർ.ആർ.ഒ നോട്ടീസ് പ്രകാരം നടൻ തൊട്ടടുത്ത ദിവസം ഇന്ത്യ വിടേണ്ടതുണ്ടെന്ന് ഇമ്രാൻ ഖാനുവേണ്ടി ഹാജരായ സീനിയർ അഡ്വക്കേറ്റ് വെങ്കിടേഷ് ധോണ്ട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെത്തുടർന്ന്, തിങ്കളാഴ്ചവരെ ഇമ്രാൻ ഖാന് രാജ്യത്ത് തുടരാമെന്നും അതുവരെ അദ്ദേഹത്തിനെതിരെ യാതൊരുവിധ നടപടിയും ഉണ്ടാകില്ലെന്നും എ.എസ്.ജി ബെഞ്ചിന് ഉറപ്പുനൽകി. തുടർന്ന് കേസ് പരിഗണിക്കുന്നത് നവംബർ 2-ന് ഉച്ചയ്ക്ക് 3 മണിയിലേക്ക് മാറ്റിയ കോടതി, അടുത്ത വാദം കേൾക്കുന്നതുവരെ എഫ്.ആർ.ആർ.ഒ ഉത്തരവ് നടപ്പിലാക്കുന്നത് നീട്ടിവെച്ച് ഉത്തരവിട്ടു.

ഒക്ടോബർ 10-ന് മുംബൈയിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്തിന് സമീപത്തുനിന്നാണ് പോലീസ് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഒക്ടോബർ 14-നാണ് എഫ്.ആർ.ആർ.ഒ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്സ് ആക്ട്, 2025 ലെ സെക്ഷൻ 7(2)(C), 29 എന്നിവ പ്രകാരമായിരുന്നു നടപടി. ഇതിനെതിരേയാണ് ഇമ്രാൻ ഖാൻ കോടതിയെ സമീപിച്ചത്.