രാജ്യംവിടാനുള്ള നോട്ടീസ്: ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ നടൻ ഇമ്രാൻ ഖാൻ

#ന്യൂസ് ഡെസ്ക്
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 2026 ഒക്ടോബർ 10-ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടയിൽ നടൻ ഇമ്രാൻ ഖാൻ (ഫയൽ ദൃശ്യം)| Photo: PTI Photo
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 2026 ഒക്ടോബർ 10-ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടയിൽ നടൻ ഇമ്രാൻ ഖാൻ (ഫയൽ ദൃശ്യം)| Photo: PTI Photo

മുംബൈ: ഇന്ത്യ വിട്ടുപോകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കും. വിദേശ ഇന്ത്യക്കാർക്കുള്ള ഒ.സി.ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുടമകൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ വ്യക്തമാക്കി.

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഒക്ടോബർ 10-നാണ് ഇമ്രാൻ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അമേരിക്കൻ പാസ്‌പോർട്ടുള്ള ഇമ്രാൻ ഖാൻ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

പ്രതിഷേധത്തിനിടെ മുംബൈ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യൻ പൗരനല്ലാത്ത വ്യക്തി പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന ആരോപണത്തെ തുടർന്ന്, ഇമിഗ്രേഷൻ ആക്ടിലെ സെക്ഷൻ 29, സെക്ഷൻ ഏഴ് എന്നിവ പ്രകാരമാണ് ഇമ്രാൻ ഖാനെതിരെ നടപടികൾ ആരംഭിച്ചിരിക്കുന്നത്.

കസ്റ്റഡിയിലായതിന് പിന്നാലെ, പോലീസ് വാനിനുള്ളിൽ ഇരിക്കുന്ന ചിത്രം നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച ഇമ്രാൻ ഖാൻ, ഒരു മുംബൈ പൗരൻ എന്ന നിലയിലാണ് താൻ പ്രതിഷേധ സ്ഥലത്തെത്തിയതെന്നും പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പറഞ്ഞു.

ഇതിനിടെ നടന് പിന്തുണയുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. അമേരിക്കൻ പൗരയായ മേരി മിൽബെന് ബി.ജെ.പിക്ക് അനുകൂലമായി സംസാരിക്കാമെങ്കിൽ, ഒ.സി.ഐ കാർഡുടമയായ ഇമ്രാൻ ഖാന് ബി.ജെ.പിക്കെതിരെ സംസാരിക്കാൻ കഴിയില്ലേ എന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദ്യമുന്നയിച്ചു.

Content Highlights: Bollywood actor Imran Khan is planning to approach the Bombay High Court to challenge the FRRO notice requiring him to leave India following his participation in a political protest in Mumbai.