‘ഇന്ത്യയിൽ മേയ്ദിന വിപ്ലവത്തിന് സമയമായി’

#തമ്പാന്‍ തോമസ്‌
ഝാര്‍ഖണ്ഡിലെ ധന്‍ബാദിലെ കല്‍ക്കരി ഖനിയുടെ സമീപത്ത്കൂടെ നീങ്ങുന്ന തൊഴിലാളി (ഫയല്‍ചിത്രം) |ഫോട്ടോ:AFP
ഝാര്‍ഖണ്ഡിലെ ധന്‍ബാദിലെ കല്‍ക്കരി ഖനിയുടെ സമീപത്ത്കൂടെ നീങ്ങുന്ന തൊഴിലാളി (ഫയല്‍ചിത്രം) |ഫോട്ടോ:AFP

ഈ മേയ്ദിനം ഇന്ത്യൻ തൊഴിലാളിവർഗത്തിന് അതിനിർണായകമാണ്. 1886-ൽ ഷിക്കാഗോ നഗരത്തിൽ തൊഴിലാളികൾ നേടിയെടുത്ത എട്ടുമണിക്കൂർ ജോലി, ജോലിക്ക് കൂലി തുടങ്ങിയ മൗലികാവകാശങ്ങൾക്കായി ഇന്ന് നമ്മുടെ രാജ്യത്ത് ലേബർ കോഡുകൾക്കെതിരേ പുതിയൊരു സമരം അനിവാര്യമായിത്തീർന്നിരിക്കുന്നു. വേലയും കൂലിയും അവകാശമല്ല, ധർമമാണെന്നും വ്യവസായനടത്തിപ്പാണ് സർക്കാർനയമെന്നും പ്രഖ്യാപിക്കുന്നതാണ് പുതിയ തൊഴിൽകോഡുകൾ. ജുഗുപ്സാവഹമായി ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്ന കോഡുകൾ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു. തൊഴിലാളിപ്രസ്ഥാനങ്ങളെ അപ്രസക്തമാക്കുന്ന നടപടിക്രമങ്ങൾ നോയിഡയിലുണ്ടായപോലെ മിന്നൽപ്പണിമുടക്കിലേക്കും സമരങ്ങളിലേക്കും തൊഴിലാളികളെ നയിക്കുന്നു.

രണ്ടാം തൊഴിൽ കമ്മിഷൻ ശുപാർശകൾക്കുശേഷം തൊഴിൽമേഖലയിലുണ്ടായിട്ടുള്ള അനിശ്ചിതത്വവും അടിമവത്കരണവും നീക്കംചെയ്യാൻ മൂന്നാം തൊഴിൽ കമ്മിഷനെ നിയമിക്കുകയും ഭരണഘടനാവിരുദ്ധമായ കോഡുകൾ പിൻവലിക്കുകയുംവേണം. പുതിയ തൊഴിൽ കോഡുകൾക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ഉയർന്നുവരണം. അതിന്റെ നാന്ദിയായി കന്യാകുമാരിയിൽനിന്ന് ഡൽഹിയിലേക്ക് തൊഴിലാളി-കർഷക-ബഹുജന ലോങ് മാർച്ച് നടത്തേണ്ടതാണ്. ഇന്ത്യയിൽ മറ്റൊരു മേയ്ദിന വിപ്ലവത്തിന് വിത്തു പാകമായിരിക്കുന്നു.

മനുസ്മൃതിയെ അടിസ്ഥാനമാക്കി തൊഴിൽനയം

44 കേന്ദ്ര തൊഴിൽനിയമങ്ങൾ 29 ആയി വെട്ടിച്ചുരുക്കി, അത് നാല് പുതിയ ലേബർ കോഡുകളാക്കി. വ്യാവസായികബന്ധ കോഡ്, സാമൂഹികസുരക്ഷാ കോഡ്, വ്യവസായസുരക്ഷാ കോഡ്, വേതനനിർണയ കോഡ് എന്നിവയാണ് അവ. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ ഇവ പാർലമെന്റ് അംഗീകരിച്ചു. ഈ കോഡുകൾ വിജ്ഞാപനത്തിലൂടെ പ്രാവർത്തികമാക്കി. എന്നാൽ, ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ നടത്തിയിട്ടില്ല.

നാം പിന്തുടരുന്നതും ജസ്റ്റിസ് ഗജേന്ദ്ര ഗഡ്കർ ചെയർമാനായുള്ള ഒന്നാം തൊഴിൽ കമ്മിഷൻ ശുപാർശകൾപ്രകാരം നടപ്പാക്കിയതുമായ തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്നതാണ് പുതിയ ലേബർ കോഡുകൾ. നിർദിഷ്ട ദേശീയ തൊഴിൽനയത്തിൽ ഇന്ന് നിലവിലുള്ള തൊഴിൽനിയമസമ്പ്രദായങ്ങൾ പാടേ മാറ്റി ആയിരത്താണ്ടുപഴക്കമുള്ള മനുസ്മൃതി, നാരദസ്മൃതി, ശുക്രനീതി, യാജ്ഞവൽക്യസ്മൃതി, അർഥശാസ്ത്രം, ഭാരതീയ സംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കി രൂപംനൽകിയ തൊഴിലാളിനയമാണ് ഈ കോഡുകൾ മുഖേന നിലവിൽവരുന്നത്. തൊഴിൽ എന്നത് ഒരു ധർമമാണ്, അവകാശമല്ല എന്നതാണ് പുതിയ കാഴ്ചപ്പാട്. ഭരണഘടന വിഭാവനംചെയ്യുന്ന ആമുഖം, മൗലികാവകാശങ്ങൾ, നിർദേശകതത്ത്വങ്ങൾ, ഫെഡറ ലിസം, മറ്റ് അന്തർദേശീയമായി അംഗീകരിച്ചിട്ടുള്ള അടിസ്ഥാനതത്ത്വങ്ങൾ, കോടതിവിധികൾ എന്നിവയെ പാടേ നിരാകരിക്കുന്നതാണ് ഈ കോഡുകൾ.

പരിരക്ഷ തൊഴിലുടമയ്ക്ക്

തൊഴിലാളികൾ ദുർബലരും തൊഴിലുടമകൾ ശക്തരുമാകയാൽ തൊഴിലാളിതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് തൊഴിൽമന്ത്രാലയവും അതിന്റെ കീഴിലുള്ള സംവിധാനങ്ങളും. പുതിയ ദേശീയനയവും അതിനനുസൃതമായ കോഡുകളും നടപ്പാക്കുമ്പോൾ തൊഴിൽവകുപ്പ് തൊഴിലുടമകളെ സംരക്ഷിക്കുന്ന വകുപ്പ് മാത്രമായി മാറുന്നു. ഉത്പാദനവർധനയ്ക്ക് ഏതു മാർഗവും തൊഴിലുടമകൾക്ക് സ്വീകരിക്കാം. വേതനം വേലയ്ക്ക് കൂലി എന്നതിനുപകരം രാജധർമമായി മാറുമ്പോൾ അത് ഓണറേറിയമായി (ഔദാര്യമായി) മാറുന്നതാണ്. ഏതു മാർഗവും ഉപയോഗിച്ച് ഉത്പാദനം വർധിപ്പിക്കുന്നതിനും തൊഴിലുടമയ്ക്ക് ഉത്പാദനം അനായാസമാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ ദേശീയനയവും ലേബർ കോഡുകളും. കരാർ സമ്പ്രദായത്തിലൂടെ വ്യവസായബന്ധങ്ങളെ നിർണയിക്കാൻ കഴിയുന്ന വ്യവസായബന്ധ നിയമങ്ങളും ഈ നയത്തിൽ അടങ്ങിയിരിക്കുന്നു. നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽവരുന്നതോടെ ഇന്നത്തെ തൊഴിൽ-തൊഴിലുടമ ബന്ധങ്ങൾ രാജധർമത്തിലേക്കും ചാതുർവർണ്യത്തിലേക്കുമാണ് നയിക്കുക.

സാർവദേശീയമായി തൊഴിലാളിയും തൊഴിലുടമയും ഉത്പാദനസമ്പ്രദായത്തിൽ തുല്യപങ്കാളികളാണ്. ലോക തൊഴിൽ സംഘടന (ഐ.എൽ.ഒ.),ഐക്യരാഷ്ട്രസഭ എന്നിവയുടെ നയങ്ങൾ അനുശാസിക്കുന്നത് ഈ തൊഴിൽവ്യവസ്ഥകളാണ്. രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യവത്കരണവും കേവലം ഒരു ശതമാനത്തിന്റെമാത്രം സാമ്പത്തികവളർച്ചയും മുതലിന് പ്രാധാന്യംനൽകി മനുഷ്യനെ കരാർ അടിസ്ഥാനത്തിൽ അടിമകളാക്കുന്ന അവസ്ഥാവിശേഷവുമാണ് ഈ കോഡുകളുടെ പരിണതഫലം. ഉത്പാദനബന്ധങ്ങളിലും ഉത്പാദന ഉപാധികളിലും വരുന്ന വമ്പിച്ച മാറ്റത്തിന്റെ ഫലമായി അന്യവത്കരിക്കപ്പെടുന്നത് 800 ദശലക്ഷം ഇന്ത്യൻ തൊഴിലാളികളാണ്.

ട്രേഡ് യൂണിയൻ കളരിക്കുപുറത്ത്

ഇന്ത്യയെന്ന ജനാധിപത്യ-മതേതര രാഷ്ട്രം മുന്നോട്ടുപോകുന്നത് നാം അംഗീകരിച്ചിട്ടുള്ള ഭരണഘടനയ്ക്ക് അനുസൃതമായാണ്. ഭരണ ഘടനയുടെ ആമുഖവും മൂന്നാം അധ്യായത്തിലെ മൗലികാവകാശങ്ങളും നാലാം അധ്യായത്തിലെ നിർദേശകതത്ത്വങ്ങളും ഫെഡറലിസവും പാടേ ഇല്ലാതാക്കുന്നതാണ് ഈ തൊഴിൽനയം. ദുർബലരായ തൊഴിലാളികൾ മുഴുവനായും തെരുവിലേക്ക് എറിയപ്പെടും. അവർ ധർമത്തിന്റെയും ഔദാര്യത്തിന്റെയും മറവിൽ അവകാശങ്ങളില്ലാത്ത അടിമകളാകും. നൂറ്റാണ്ടുകളായി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ നഷ്ടപ്പെടുമെന്നുമാത്രമല്ല, മനുസ്മൃതിയും ഏകാത്മ മാനവവാദവും ജീർണിച്ച പുരാതനസംസ്‌കാരവും പുതിയ തൊഴിൽരംഗമായി മാറുന്നതാണ്.

ട്രേഡ് യൂണിയനും കൂട്ടായ വിലപേശലും കളരിക്കുപുറത്താണ്. യന്ത്രവത്കരണം, കരാർസമ്പ്രദായം, പരിശോധനകളില്ലാത്ത വ്യവസായസ്വാതന്ത്ര്യം എന്നിവ യഥേഷ്ടം നടത്താൻകഴിയുന്ന തൊഴിലുടമയും നിർബന്ധിതസാഹചര്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളും തുല്യതാബോധം ഇല്ലാതാക്കുന്നു.

ഒരു ജനാധിപത്യസമ്പ്രദായത്തിൽ ഉത്പാദകന് മേലാളത്വവും തൊഴിൽചെയ്യുന്നവന് കീഴാളത്വവും സംഭാവനചെയ്യുന്ന നയം സ്വാഗതാർഹമല്ല. സാമൂഹികസംഘർഷത്തിന് വഴിതെളിക്കുന്ന ഇത് തുല്യതാബോധത്തിന്റെ ശവപ്പറമ്പും ചൂഷണത്തിന്റെ വിളനിലവുമായിമാറും. സമ്പത്തിന് സമ്പൂർണമേൽക്കോയ്മ നൽകുന്ന ഈ പുത്തൻ തൊഴിൽകോഡുകൾ നിരാകരിക്കപ്പെടേണ്ടതാണ്. എന്നാൽ, കുത്സിതമാർഗങ്ങളിലൂടെ കേന്ദ്രസർക്കാർ ഇത് നടപ്പാക്കാനുള്ള തത്രപ്പാടിലാണ്. വിഭാഗീയത നിറഞ്ഞ രാഷ്ട്രീയപ്പാർട്ടികളുടെ കീഴ്ഘടകങ്ങളായ തൊഴിലാളിസംഘടനകൾക്ക് സ്ഥാപിതതാത്പര്യമുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ തടുക്കാനാകുന്നില്ല. പുത്തൻ വെല്ലുവിളികളെ നേരിടേണ്ടിവരുന്ന മഹാഭൂരിപക്ഷംപേരും അതിർവരമ്പുകളെ മറികടന്ന് യോജിപ്പോടെ മറ്റൊരു പ്രതിരോധത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു.

ലേഖകൻ മുൻ എം.പി.യും എച്ച്.എം.എസ്. മുൻ ദേശീയപ്രസിഡന്റും അഭിഭാഷകനുമാണ്

Content Highlights: The Dark Reality Behind India’s New Labour Code Reforms