ഇത്തവണ കാലവര്‍ഷം കനക്കും; കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചനം, ജൂണിലും പെരുമഴ

പ്രതീകാത്മക ചിത്രം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്/ മാതൃഭൂമി

ന്യൂഡല്‍ഹി:  ഇത്തവണത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തിലുള്‍പ്പെടെ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷ സമയത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ജൂണ്‍ മാസത്തിലും കൂടുതല്‍ മഴ ലഭിക്കുമെന്നും ഇത് ദീര്‍ഘകാല ശരാശരിയുടെ 108 ശതമാനമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇത്തവണ കാലവര്‍ഷത്തില്‍ ദീര്‍ഘകാല ശരാശരിയുടെ 105 ശതമാനം മഴ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നേരത്തേയുള്ള പ്രവചനം. എന്നാല്‍, പുതിയ പ്രവചനമനുസരിച്ച് ഇത് 106 ശതമാനമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ദീര്‍ഘകാല ശരാശരിയുടെ 106 ശതമാനം മഴ ലഭിക്കുന്നത് 'സാധാരണയില്‍ കൂടുതല്‍' ആയാണ് കണക്കാക്കുന്നത്.

അതേസമയം, രാജ്യത്തെ വിവിധഭാഗങ്ങളില്‍ മഴയുടെ തോത് വ്യത്യസ്തമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനാല്‍ ജൂണ്‍ മാസത്തില്‍ ഉഷ്ണതരംഗ ദിവസങ്ങള്‍ സാധാരണയിലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. എം. മോഹപാത്രയും പറഞ്ഞു. 

ഇത്തവണ എട്ടുദിവസം മുന്‍പേ കേരളത്തില്‍ കാലവര്‍ഷമെത്തിയിരുന്നു. മേയ് 24-നാണ് കേരളത്തില്‍ ഇത്തവണ കാലവര്‍ഷമെത്തിയത്. 16 കൊല്ലത്തിനിടെ ഇതാദ്യമായിട്ടായിരുന്നു കേരളത്തില്‍ കാലവര്‍ഷം ഇത്ര നേരത്തെയെത്തിയത്. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയാണ് കേരളത്തില്‍ കാലവര്‍ഷമെത്താറുള്ളത്. 

Content Highlights: India Meteorological Department predicts above-normal rainfall in Kerala during southwest monsoon