ഐഐടി ബോംബെ വിദ്യാർത്ഥിയുടെ ആത്മഹത്യ: മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

#ന്യൂസ് ഡെസ്ക്
സമരത്തിലേര്‍പ്പെട്ട സാഹില്‍ വാകോഡെയുടെ മാതാപിതാക്കള്‍ |ഫോട്ടോ:PTI
സമരത്തിലേര്‍പ്പെട്ട സാഹില്‍ വാകോഡെയുടെ മാതാപിതാക്കള്‍ |ഫോട്ടോ:PTI

മുംബൈ: ആത്മഹത്യ ചെയ്ത ഐഐടി ബോംബെ വിദ്യാർഥി സാഹിൽ വാകോഡെയുടെ മാതാപിതാക്കൾ, മകന് നീതി ലഭ്യമാക്കണമെന്നും ഉപദ്രവിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സമരം തുടങ്ങുന്നതിനായി ഐഐടി ബോംബെ കാമ്പസിലേക്ക് പോകുന്നതിനിടെ സാഹിലിന്റെ പിതാവ് രവീന്ദ്ര വാകോഡെയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

'എന്റെ മകനെ ഉപദ്രവിച്ചവരെ അഴികൾക്കുള്ളിലാക്കണം. ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് താൻ നിരന്തരം ജാതി അധിക്ഷേപവും വിവേചനവും നേരിട്ടിരുന്നതായി അവൻ ഞങ്ങളോട് പറഞ്ഞിരുന്നു,' സാഹിലിന്റെ പിതാവ് രവീന്ദ്ര പറഞ്ഞു.

മാതാപിതാക്കൾ നേരത്തെ പട്ടികജാതി ദേശീയ കമ്മിഷൻ അധ്യക്ഷൻ കിഷോർ മക്വാനയെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. വിഷയത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരീക്ഷാ ഹാളിലെ തിരഞ്ഞെടുത്ത സിസിടിവി ദൃശ്യങ്ങൾമാത്രം മാധ്യമങ്ങൾക്ക് നൽകിയത് സംബന്ധിച്ച് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നും, എന്തുകൊണ്ടാണ് ഒരു പ്രത്യേക ദൃശ്യംമാത്രം പുറത്തുവിട്ടതെന്ന് പരിശോധിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സാഹിലിന്റെ മരണത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനും പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പുനഃപരിശോധിക്കുന്നതിനുമിടയിലാണ് കുടുംബത്തിന്റെ പ്രതിഷേധം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോണിലേക്ക് നോക്കുന്ന സാഹിലിന്റെ അടുത്തെത്തുന്ന ഇൻവിജിലേറ്റർ പരീക്ഷാ ഹാൾ വിട്ടുപോകാൻ ആവശ്യപ്പെടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിയ ശേഷമുള്ള നീക്കങ്ങളും മറ്റ് ഇടപെടലുകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. ഒപ്പം ജാതി വിവേചനവും ഉപദ്രവവും സംബന്ധിച്ച ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഐഐടി ബോംബെയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ 22 വയസ്സുകാരനായ സാഹിലിനെ സെപ്റ്റംബർ 18-ന് വൈകുന്നേരമാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ ഹാളിൽ വച്ച് എഐ ഉപയോഗിച്ചതായി ആരോപിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു സംഭവം.

Content Highlights: Parents of IIT Bombay student Sahil Wakode started an indefinite hunger strike demanding justice., The family alleges caste discrimination and harassment led to Sahil's death on September 18., National Commission for Scheduled Castes has taken suo motu cognizance and initiated an inquiry., Parents demanded an independent investigation into the selective release of CCTV footage from the examination hall.