സീലിങ് ഫാനുകൾ മാറ്റുന്നു, IIT ബോംബെ ഹോസ്റ്റലിൽ വാൾ മൗണ്ടഡ് ഫാനുകൾ; സാഹിലിന്റെ മരണവുമായി ബന്ധമില്ലെന്ന് അധികൃതർ

മുംബൈ: ഐ.ഐ.ടി. ബോംബെയിലെ ഹോസ്റ്റൽ മുറികളിലെ സീലിങ് ഫാനുകൾ മാറ്റി പകരം ഭിത്തിയിൽ ഉറപ്പിക്കുന്ന ഫാനുകൾ (വാൾ മൗണ്ടഡ് ഫാനുകൾ) സ്ഥാപിക്കുന്നു. പുതിയ ഫാനുകളുടെ ആദ്യ ബാച്ച് കാമ്പസിൽ എത്തി. ഐ.ഐ.ടി. ബോംബെയിലെ ബി.ടെക് വിദ്യാർഥി സാഹിൽ വകോഡെ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് നടപടി.
പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ്, ബി.ടെക് വിദ്യാർഥി സാഹിൽ വകോഡെയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പ് വിദ്യാർഥിയായ സാഹിലിനെ വെള്ളിയാഴ്ചയാണ് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്.
എന്നാൽ ഫാൻ മാറ്റത്തിന് ഇതുമായി ബന്ധമില്ലെന്നാണ് ഐ.ഐ.ടി. ബോംബെയുടെ വിശദീകരണം. സീലിങ് ഫാനുകൾ മാറ്റുന്നതിനുള്ള ആലോചനകൾ ഏകദേശം രണ്ട് മാസം മുമ്പേ തുടങ്ങിയിരുന്നുവെന്നും അത് അടുത്തിടെയാണ് അന്തിമമാക്കിയതെന്നും വൃത്തങ്ങൾ അറിയിച്ചു. ജൂലൈയിൽ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകളുടെ ഭാഗമായാണ് ഫാനുകൾ മാറ്റിസ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
അടുത്തിടെയുണ്ടായ വിദ്യാർത്ഥികളുടെ മരണവുമായി ഇതിന് ബന്ധമില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ഹോസ്റ്റൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫാനുകൾ മാറ്റുന്നതെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫാനുകൾ മാറ്റാൻ ഭരണവിഭാഗം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സമീപകാലത്തെ ആത്മഹത്യകളോടുള്ള പ്രതികരണമായല്ല ഇത് നടപ്പിലാക്കുന്നതെന്നും അവർ വ്യക്തമാക്കി.
ആത്മഹത്യ തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും സീലിങ് ഫാനുകൾക്ക് പകരം വാൾ മൗണ്ടഡ് ഫാനുകൾ ഉപയോഗിക്കുന്നുണ്ട്. വിദ്യാർഥികൾ നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് ഫാനുകൾ മാറ്റുന്നതിലൂടെ പരിഹാരം കാണാൻ കഴിയുമോ എന്ന് എൻ.സി.പി. (എസ്.പി.) വക്താവ് അനീഷ് ഗവാണ്ടെ ചോദിച്ചു.