ഡൽഹിയിൽ പ്രതിഷേധക്കാർക്കുനേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ; ‘സനാതന ധർമം സംരക്ഷിക്കും’

#ന്യൂസ് ഡെസ്ക്
ഭൂപേന്ദ്ര തോമർ എന്ന പിങ്കി ഭയ്യ | PHOTO: X/@BHUPENDER_HRD
ഭൂപേന്ദ്ര തോമർ എന്ന പിങ്കി ഭയ്യ | PHOTO: X/@BHUPENDER_HRD

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെ പ്രതിഷേധക്കാർക്കുനേരെയുള്ള ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഹിന്ദു രക്ഷാ ദൾ. 'ഔട്ട്‌ലുക്കിന്' നൽകിയ അഭിമുഖത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘടനാ മേധാവി ഭൂപേന്ദ്ര തോമർ എന്ന പിങ്കി ഭയ്യ പ്രഖ്യാപിച്ചത്. 

കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർ രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് ഭൂപേന്ദ്ര തോമർ പറഞ്ഞു. പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ച സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടതെന്നും സനാതന ധർമത്തിനും ഹിന്ദുത്വത്തിനും എതിരായി പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കുമെന്നും ഭൂപേന്ദ്ര പറഞ്ഞു.

പോലീസ് അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്. ഞങ്ങളുടെ സംഘടനയ്ക്ക് ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ല, ബി.ജെ.പി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും. പോലീസിന് ഭരണഘടനയോടാണ് ഉത്തരവാദിത്തം. എന്നാൽ ഞങ്ങൾ ഭരണഘടനയ്ക്ക് വിധേയരല്ല. സനാതന ധർമത്തെ മാത്രമാണ് പിന്തുടരുന്നത്. സനാതന ധർമത്തെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഞങ്ങളുടെ പ്രവർത്തകരുടെ കുടുംബച്ചെലവും കേസുകളുടെ നിയമച്ചെലവും സംഘടന തന്നെ വഹിക്കും- ഭൂപേന്ദ്ര തോമർ പറഞ്ഞു.

തനിക്കെതിരെ അൻപതിലധികം കേസുകൾ നിലവിലുണ്ടെങ്കിലും അതിലൊന്നും ഭയമില്ലെന്നും, രാജ്യത്തെ സംരക്ഷിക്കാൻ അയ്യായിരം കേസുകൾ വന്നാലും തങ്ങളുടെ പ്രവർത്തനം തുടരുമെന്നും ഭൂപേന്ദ്ര തോമർ പറഞ്ഞു. 2020-ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തവും തങ്ങൾക്കാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ചിന്താഗതിക്കാരായ ആളുകളും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ഇവർക്കെതിരെ തുടർന്നും പ്രവർത്തിക്കുമെന്നും ഭൂപേന്ദ്ര തോമർ പറഞ്ഞു.

Content Highlights: Hindu Raksha Dal chief Bhupendra Tomar alias Pinky Chaudhary takes responsibility for Delhi attacks., Claims attacks were in response to actions against Sanatan Dharma and Hindu identity., Threatens continued action against critics of Sanatan Dharma regardless of political affiliations., Admits involvement in the 2020 JNU violence and states he has over 50 criminal cases against him.