രഹസ്യരേഖ കെെമാറി, അത്താരിവഴി പാക് യാത്ര; കേന്ദ്ര ഏജൻസി അന്വേഷിക്കണം- ഗൊഗോയിയുടെ ഭാര്യക്കെതിരേ ഹിമന്ത

ഗുവാഹത്തി: കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കും ഭാര്യ എലിസബത്ത് കോൾബേണിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബ്രിട്ടീഷ് പൗര കൂടിയായ എലിസബത്തിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അസം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുകയും അവർ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഗൗരവിനും എലിസബത്തിനുമെതിരേ ഹിമന്ത രംഗത്തെത്തിയത്.
എലിസബത്തിനെതിരായ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളവയാണെന്നും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനുമായി എലിസബത്ത് രഹസ്യവിവരങ്ങൾ പങ്കുവെച്ചെന്നും ഹിമന്ത ആരോപിച്ചു. അതേസമയം, ആരോപണങ്ങളുമായുള്ള ഹിമന്തയുടെ പത്രസമ്മേളനം സി ഗ്രേഡ് സിനിമയേക്കാൾ തരംതാണതാണെന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം.
ഇസ്ലാമാബാദിൽ, പാക് ആസൂത്രണ കമ്മിഷൻ ഉപദേഷ്ടാവ് തൗക്വീർ ഷേഖിന് കീഴിൽ എലിസബത്ത് ജോലിചെയ്തിരുന്ന സമയത്ത് അവർക്ക് പാകിസ്താനുമായും പ്രത്യേകിച്ച് പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്നാണ് ആരോപണം. പിന്നാലെയാണ് അസം സർക്കാർ വിഷയത്തിൽ എസ്ഐടിയെ നിയോഗിച്ചത്. എസ്ഐടി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കേസിന്റെ സ്വഭാവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ഹിമന്ത സർക്കാരിന്റെ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ഹിമന്ത പറഞ്ഞു. എലിസബത്ത് രഹസ്യരേഖകൾ തൗക്വീർ ഷേഖിന് പങ്കുവെച്ചതായി 44 പേജുകളുള്ള എസ്ഐടി റിപ്പോർട്ട് പറയുന്നുണ്ടെന്നും ഹിമന്ത കൂട്ടിച്ചേർത്തു.
രഹസ്യാത്മകത പുലർത്തുന്നതിന്റെ ഭാഗമായി അത്താരി അതിർത്തി വഴിയാണ് എലിസബത്ത് പാകിസ്താനിലേക്ക് പോയിരുന്നതെന്നും ഗൊഗോയിയെ വിവാഹം ചെയ്തശേഷം ഒൻപതുതവണ അവർ പാകിസ്താനിലേക്ക് പോയെന്നും ഹിമന്ത ആരോപിച്ചു.
എലിസബത്തിനെ നിയന്ത്രിച്ചിരുന്നത് പാകിസ്താൻ ആയിരുന്നെന്ന് പാക് സ്ഥാപനമായ ലീഡ് പാകിസ്താനിൽനിന്ന് അവർക്ക് ലഭിച്ച ശമ്പള ഇടപാടുകൾ ചൂണ്ടിക്കാട്ടി ഹിമന്ത ആരോപിക്കുകയും ചെയ്തു. 2013-ലെ പാക് സന്ദർശനവേളയിൽ ഗൊഗോയിക്കും ഭാര്യക്കും ലാഹോർ മാത്രം സന്ദർശിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, പിന്നീട് ഇസ്ലാമാബാദും കറാച്ചിയും സന്ദർശിക്കാൻ അനുമതി ലഭിച്ചു. ഇതിന് ഗൊഗോയി വിശദീകരണം നൽകണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.
Content Highlights: himanta biswa sarma targets gaurav gogoi